സിറിയയിലെ ആഭ്യന്തര പ്രതിസന്ധിക്ക് പരിഹാരം തേടുന്നതിനായുള്ള രാജ്യാന്തര സമാധാന സമ്മേളനത്തിലേക്ക് ഇറാന് നല്‍കിയ ക്ഷണം യുഎന്‍ പിന്‍വലിച്ചു.
ഇറാനെ ക്ഷണിച്ചതിനെതിരെ മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യാപകമായി പരാതി ഉയര്‍ന്നതിനാലാണ് തീരുമാനമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു. 2002 ജൂണില്‍ ജെയിനെവ സമ്മേളനത്തിലുണ്ടായ ധാരണ അംഗീകരിക്കുന്നതില്‍ ഇറാന്‍ ഇതുവരെ വ്യക്‌തമായ നിലപാട് എടുത്തിട്ടില്ല.
സിറിയയില്‍ ഒരു താല്‍ക്കാലിക ഭരണകൂടത്തിനായുള്ള രാജ്യാന്തരതലത്തിലുള്ള ശ്രമം ശക്‌തമാക്കാനാണ് 2012 ലെ യോഗത്തില്‍ വിവിധ ലോകകക്ഷികള്‍ തമ്മില്‍ ധാരണയിലെത്തിയത്. എന്നാല്‍ ഇത് നടപ്പാക്കാന്‍ സിറിയന്‍ പ്രസിഡന്റ് തയ്യാറായില്ല.
സിറിയന്‍ പ്രശ്നപരിഹാരത്തിനു നേരത്തേ രൂപംനല്‍കിയ ജെയിനെവ തീരുമാനങ്ങളോട് ഇറാന്റെ നിലപാടു സംശയാസ്പദമായതിനാല്‍ സമ്മേളനത്തിലേക്ക് അവരെ ക്ഷണിച്ചതു ശരിയായില്ലെന്ന് യുഎസ് വിദേശകാര്യ വകുപ്പു വക്‌താവും വ്യക്‌തമാക്കിയിരുന്നു.
നാളെ സ്വിറ്റ്സര്‍ലന്‍ഡിലെ മൊണ്ട്രിയുവില്‍ ചേരുന്ന രാജ്യാന്തര സമാധാന സമ്മേളനത്തില്‍ 32 രാജ്യങ്ങള്‍ പങ്കെടുക്കും.