അമേരിക്കയിലെ ഇമിഗ്രേഷന്‍ അധികൃതര്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാലില്‍ നിന്ന് റേഡിയോ ടാഗ് നീക്കം ചെയ്തു. കാലിഫോര്‍ണിയയിലെ വ്യാജ സര്‍വ്വകലാശാല നടത്തിയ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് 18 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാലിലാണ് അധികൃതര്‍ നിരീക്ഷണ ടാഗ് ബന്ധിച്ചിരുന്നത്. ട്രൈ വാലി സര്‍വ്വകലാശാല എന്ന വ്യാജ സര്‍വ്വകലാശാല ഇപ്പോള്‍ അടച്ച് പൂട്ടിയിരിക്കുകയാണ്.
രണ്ട് പേരെയും ഇമിഗ്രഏഷന്‍ ഓഫീസിലേക്ക് വിളിപ്പിച്ച് ടാഗ് നീക്കം ചെയ്യുകയായിരുന്നു. ഇരുവര്‍ക്കും പിന്നീട് അധികൃതരുടെ വക സൌജന്യ നിയമ ബോധവല്‍ക്കരണ ക്ലാസ് ഉണ്ടായിരുന്നു. അടുത്ത ഒന്നുരണ്ടാഴ്ചകള്‍ക്കുള്ളില്‍ ബാക്കിയുള്ള വിദ്യാര്‍ത്ഥികളുടെ കാലില്‍ നിന്നും ടാഗ് നീക്കംചെയ്യുമെന്ന് സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കൌണ്‍സില്‍ ജനറല്‍ സുസ്മിതാ ഗാംഗുലി തോമസ് പറഞ്ഞു.
വിദേശ പൌരന്മാരെ നിയമവിരുദ്ധമായി രാജ്യത്തേക്ക് കടത്തിയതായാണ് ട്രൈ വാലി സര്‍വ്വകലാശാലക്കെതിരെ ഇമിഗ്രേഷന്‍ അധികൃതര്‍ ചുമത്തിയിരിക്കുന്ന കുറ്റം. സര്‍വ്വകലാശാല നല്‍കുന്ന ഓണ്‍ലൈന്‍ കോഴ്സുകളുടെയും റസിഡന്‍ഷ്യല്‍ കോഴ്സുകളുടെയും പേരില്‍ കാലിഫോര്‍ണിയയില്‍ എത്തിയ നിരവധി പേര്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്ത് കഴിഞ്ഞു കൂടുന്നതായാണ് ഇമിഗ്രേഷന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
ഇത്തരത്തില്‍ 1,555 പേരെ സര്‍വ്വകലാശാല കടത്തിയതില്‍ 95 ശതമാനം പേരും ഇന്ത്യക്കാരാണെന്നും അവര്‍ കണ്ടെത്തിയിരുന്നു. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരമായിത്തന്നെ അമേരിക്കയില്‍ തുടരുവാനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് ഗാംഗുലി തോമസ് പറഞ്ഞു.
ചലനങ്ങള്‍ നിരീക്ഷിക്കാനായി മൃഗങ്ങളുടെയും പറവകളുടെയും ശരീരത്തില്‍ ടാഗ് ബന്ധിപ്പിക്കാറുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് പഠനത്തിനായി അമേരിക്കയില്‍ എത്തിയ വിദ്യാര്‍ത്ഥികളുടെ കാലില്‍ ടാഗ് കെട്ടിവച്ചത് ഇന്ത്യന്‍ ജനതയെ ഞെട്ടിച്ചിരുന്നു. മൃഗങ്ങളെ പോലെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അമേരിക്കന്‍ അധികൃതര്‍ കണ്ടത് എന്നാണ് ആരോപണം.