‘സര്‍ക്കാര്‍ സൈറ്റുകള്‍ ഇന്ത്യന്‍ സെര്‍വറില്‍ മതി’

തിരുവനന്തപുരം| WEBDUNIA|
PRO
PRO
എല്ലാ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളോടും ഏജന്‍സികളോടും സൈറ്റുകള്‍ ഇന്ത്യന്‍ സെര്‍വറുകളിലേക്ക് മാറ്റാന്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് ഭീകരവാദികളില്‍ നിന്ന്, പ്രത്യേകിച്ചും പാക്കിസ്ഥാന്‍ സൈബര്‍ ആര്‍മിയില്‍ നിന്ന്, ഭീഷണി ഉള്ളതിനാലാണിത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ഏജന്‍സികളും ആയി ബന്ധപ്പെട്ട ഭൂരിഭാഗം സൈറ്റുകളും കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളിലെ സെര്‍വറുകളിലാണ് ഹോസ്റ്റുചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ആഴ്ചയില്‍ പാക്കിസ്ഥാന്‍ സൈബര്‍ ആര്‍മിയില്‍ ഹാക്കര്‍മാര്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ വെബ്‌സൈറ്റ് തകര്‍ത്തിരുന്നു. കേരള പൊലീസിന്റെ സൈബര്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ലാഹോറില്‍ നിന്നുള്ള ഹാക്കര്‍മാരാണ് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സൈറ്റ് തകര്‍ത്തത് എന്ന് കണ്ടെത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് പാക്കിസ്ഥാന്‍ സൈബര്‍ ആര്‍മിയുടെ ആക്രമണത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സൈറ്റ് തകരുന്നത്. ആദ്യത്തെ സംഭവം സി‌ബി‌ഐയുടെ സൈറ്റ് തകര്‍ന്നതായിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം 2008-ല്‍ തന്നെ സര്‍ക്കാര്‍ സൈറ്റുകള്‍ വിദേശ സെര്‍വറുകളില്‍ ഹോസ്റ്റുചെയ്യുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന്, അന്നത്തെ സംസ്ഥാന ഐടി സെക്രട്ടറിയായിരുന്ന അജയകുമാര്‍ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഇന്ത്യന്‍ സെര്‍വറുകളില്‍ ഹോസ്റ്റുചെയ്യണം എന്ന് കാണിച്ച് ഒരു വിജ്ഞാപനം പുറത്തിറക്കിയിരുന്നു. എന്നാല്‍, തുടര്‍ന്നും സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും വിദേശ സെര്‍വറുകളില്‍ സൈറ്റുകള്‍ ഹോസ്റ്റുചെയ്യുന്നത് തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് കര്‍ശന നിലപാട് എടുത്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :