ആശ്വാസവചനവുമായി മൂണ്‍ ഹെയ്ത്തിയില്‍

പോര്‍ട്ട് ഓ പ്രിന്‍സ്| WEBDUNIA| Last Modified തിങ്കള്‍, 18 ജനുവരി 2010 (15:36 IST)
PRO
ഭൂകമ്പം നാശം വിതച്ച ഹെയ്ത്തിയില്‍ ആശ്വാസദൌത്യവുമായി ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ എത്തി. ദുരിതത്തില്‍ നിന്ന് കരകയറാന്‍ ഹെയ്ത്തിയിലെ ജനങ്ങള്‍ക്കൊപ്പം യു‌എന്‍ ഉണ്ടാകുമെന്ന ഉറപ്പുനല്‍കിയാണ് മൂണ്‍ മടങ്ങിയത്.

ഹെയ്ത്തി പോലുള്ള ഒരു ചെറിയ രാജ്യത്ത് ഇത്തരം ദുരന്തം മറ്റൊരു സുനാമിയാണെന്ന് മൂണ്‍ ചൂണ്ടിക്കാട്ടി. ഹെയ്ത്തി ദുരിതം ഒരു മഹാവിപത്തും മാനുഷീക പ്രതിസന്ധിയുമാണെന്ന് മൂണ്‍ വിലയിരുത്തി. നിങ്ങള്‍ തനിച്ചല്ല. ഞങ്ങള്‍ എപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. സഹായങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ് ഹെയ്ത്തിയിലെ ജനങ്ങളോടാ‍യി മൂണ്‍ പറഞ്ഞു.

ഭൂചലനത്തില്‍ തകര്‍ന്ന ഹെയ്ത്തിയിലെ യു‌എന്‍ സമാധാന ദൌത്യസംഘം കെട്ടിടവും മൂണ്‍ സന്ദര്‍ശിച്ചു. നേരത്തെ അദ്ദേഹം ഹെയ്ത്തി പ്രസിഡന്‍റ് റെനെ പ്രെവാലിനെയും സന്ദര്‍ശിച്ചിരുന്നു. ഭൂചലനത്തില്‍ ഹെയ്ത്തി ദൌത്യത്തിന് നിയോഗിക്കപ്പെട്ട നാല്‍‌പതോളം യു‌എന്‍ ഉദ്യോഗസ്ഥരും മരണമടഞ്ഞതായാണ് കണക്ക്.

ദുരന്തത്തിന്‍റെ ആ‍ഴം ഇനിയും വ്യക്തമാകാനിരിക്കുന്നതേ ഉള്ളുവെന്ന് മൂണ്‍ ചൂണ്ടിക്കാട്ടി. ഹെയ്ത്തിയില്‍ ഇനിയും കൃത്യമായ മരണ സംഖ്യ കണക്കുകൂട്ടാനായിട്ടില്ല. രാജ്യാന്തര തലത്തിലെ ഇരുപത്തിയേഴോളം രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ ഇപ്പോഴും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ പെട്ടുകിടക്കുന്നവരെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്.

ഹെയ്ത്തിയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ദിവസം യു‌എന്‍ 560 മില്യന്‍ ഡോളറിന്‍റെ അന്താരാഷ്ട്ര സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :