താലിബാന്‍ ആക്രമണം: യുഎന്‍ അപലപിച്ചു

ജനീവ| WEBDUNIA|
കാബൂളില്‍ താലിബാന്‍ നടത്തിയ ആക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും സാ‍മ്പത്തിക സഹായം നല്‍കിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഇവര്‍ക്കു കടുത്ത ശിക്ഷ നല്‍കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. അഫ്ഗാനില്‍ ജനാധിപത്യവും സമാധാനവും പുന:സ്ഥാപിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്‍റെ ശ്രമങ്ങളെ ഇത്തരം നീചമായ വഴികളിലൂടെ തടയാനാകില്ലെന്ന് മൂണ്‍ പറഞ്ഞു.

അല്‍ഖ്വൈദ പോലുള്ള നിയമ വിരുദ്ധ സായുധ സംഘങ്ങള്‍ അഫ്ഗാനില്‍ ഉയര്‍ത്തുന്ന ഭീഷണിയില്‍ ഐക്യരാഷ്ട്രസഭ ആശങ്ക രേഖപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ അഫ്ഗാനിലെ പ്രത്യേക പ്രതിനിധി കെയ് ഈദും ആക്രമണത്തെ അപലപിച്ചു. അഫ്ഗാനിലെ ജനങ്ങള്‍ക്ക് സേവനം നല്‍കിയിരുന്നവരാണു ആക്രമണത്തിനു ഇരയായതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ആക്രമണങ്ങള്‍ ചെറുക്കാന്‍ അഫ്ഗാന്‍ സര്‍ക്കാരിനോടും ജനതയോടും ഒപ്പം തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും കെയ് പറഞ്ഞു.

ഇന്നലെയുണ്ടായ ആ‍ക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. വിവിധ സര്‍ക്കാ‍ര്‍ ഓഫീസുകളിലായിരുന്നു ആക്രമണം. മിനിറ്റുകള്‍ക്കുള്ളില്‍ തീവ്രവാദികള്‍ വെടിവെയ്പും സ്ഫോടനവും നടത്തുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെ അന്താരാഷ്ട്ര സമൂഹവും അപലപിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :