അന്വേഷണത്തില്‍ പാക് സഹകരിക്കണം: മൂണ്‍

ഇസ്ലാമാബാദ്| WEBDUNIA| Last Modified വ്യാഴം, 5 ഫെബ്രുവരി 2009 (09:54 IST)
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തുന്ന അന്വേഷണത്തോട് പാകിസ്ഥാന്‍ പൂര്‍ണ്ണമായി സഹകരിക്കണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. പാകിസ്ഥാനില്‍ സന്ദര്‍ശന വേളയിലാണ് ബാന്‍ കി മൂണ്‍ ഇക്കാര്യം പറഞ്ഞത്.

കശ്മീര്‍ പ്രശ്നം ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനും മൂണ്‍ ആവശ്യപ്പെട്ടു.

പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മൂണ്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. പാകിസ്ഥാന്‍ മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും മൂണ്‍ കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്റെ പുതിയ ഭരണകൂടം ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മൂണ്‍ പ്രത്യാശ പ്രകടിപ്പിച്ചു. മാധ്യമ സമ്മേളനത്തിനു ശേഷം ബാന്‍ കി മൂണ്‍ പാ‍ക് പ്രസിഡന്റ് സര്‍ദാരിയേയും സന്ദര്‍ശിച്ചിരുന്നു.

മുന്‍ പാക് പ്രധാന മന്ത്രിയും പീപ്പിള്‍സ് പാര്‍ട്ടി നേതാവായ ബേനസീര്‍ ഭൂട്ടോ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ നിയമിക്കുമെന്ന് ചര്‍ച്ചയ്‌ക്ക് ശേഷം ബാന്‍ കി മൂണ്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :