അവസാന ആണവനിലയവും അടച്ചുപൂട്ടി; ജപ്പാന്‍ ഇനി പൂര്‍ണ ആണവരഹിത രാജ്യം

ടോക്കിയോ| WEBDUNIA|
PRO
PRO
അവസാന ആണവനിലയവും അടച്ചുപൂട്ടിയതോടെ ജപ്പാന്‍ ഇനി പൂര്‍ണ ആണവരഹിത രാജ്യം. ജനരോഷം ശക്തമായതോടെയാണ് പ്രവര്‍ത്തനക്ഷമമായ അവസാന ആണവ നിലയവും ജപ്പാന്‍ അടച്ചുപൂട്ടിയത്. നാലു പതിറ്റാണ്ടുകള്‍ക്കിടെ ആദ്യമായാണ് ജപ്പാന്‍ പൂര്‍ണ്ണമായും ആണവരഹിത രാജ്യമായി മാറുന്നത്.

2011 മാര്‍ച്ചില്‍ ആണവ നിലയത്തിലുണ്ടായ അപകടത്തെ തുടര്‍ന്ന് ശക്തമായ ആണവ വിരുദ്ധ പ്രചാരണങ്ങളുടെ മുന്നിലാണ് സര്‍ക്കാര്‍ മുട്ടുമടക്കിയത്. പടിഞ്ഞാറന്‍ ജപ്പാനിലെ ഫുകുയിയിലുള്ള ഓയി ആണവ നിലയത്തിലെ നാലാമത്തെ പ്ലാന്റാണ് തിങ്കളാഴ്ച അടച്ചു പൂട്ടിയത്.

2012 മെയ് മാസത്തില്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട രാജ്യത്തെ 50 വാണിജ്യ ആണവ നിലയങ്ങള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ ജനരോഷത്തെ തുടര്‍ന്ന് ജപ്പാനീസ് ഭരണകൂടത്തിന് കഴിയാതെ വന്നിരുന്നു. എന്നാല്‍, ഊര്‍ജ പ്രതിസന്ധിയുടെ പേരു പറഞ്ഞ് സര്‍ക്കാര്‍ അതില്‍ രണ്ട് ആണവ നിലയങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചു. ഇവയില്‍ ബാക്കിയുള്ള ഒന്നാണ് ഇന്ന് അടച്ചു പൂട്ടിയത്. ദേശവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്.

ആണവോര്‍ജമില്ലാതായാല്‍ കടുത്ത ഊര്‍ജ പ്രതിസന്ധിയിലാവുമെന്ന് കഴിഞ്ഞ വര്‍ഷം ഊര്‍ജവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആണവോര്‍ജത്തെ കൂടുതലായി ആശ്രയിക്കുന്ന പടിഞ്ഞാറന്‍ ജപ്പാന്‍ ദുരിതത്തിലാവുമെന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നു. തുടര്‍ന്നാണ്, 2012 ആഗസ്തില്‍ നേരത്തെ അടച്ചു പൂട്ടിയ ഓയി നിലയത്തിലെ മൂന്നും നാലും റിയാക്ടറുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

എന്നാല്‍, ഇതിനെതിരെ ദേശവ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്നാണ് ആണവോര്‍ജ പക്ഷത്തു നില്‍ക്കുന്ന പ്രധാനമന്ത്രി ഷിന്‍േസാ ആബെ നിലയങ്ങള്‍ അടച്ചു പൂട്ടാന്‍ നിര്‍ബന്ധിതനായത്. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് ആണവോര്‍ജത്തിന്റെ കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് ജപ്പാനീസ് സര്‍ക്കാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :