കൂടംകുളം ആണവനിലയത്തിന് ആണവോര്‍ജ്ജ റെഗുലേറ്ററി ബോര്‍ഡിന്‍റെ അന്തിമ അനുമതി ലഭിച്ചു. ഉടന്‍ തന്നെ ആദ്യ പ്ലാന്‍റ് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കും.
കൂടംകുളം ആണവനിലയം ഉപാധികളോടെ പ്രവര്‍ത്തിപ്പിക്കാന്‍ മെയ് ആറാം തീയതി സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് തടയണമെന്ന ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതി അന്ന് അങ്ങനെ ഉത്തരവിട്ടത്. ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യത്തിന് ആണവോര്‍ജ്ജം അത്യാവശ്യമാണെന്നും ആണവനിലയത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ തൃപ്തികരമാണെന്നും അന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
സുപ്രീംകോടതി ഉത്തരവ് വന്ന ശേഷം പ്രതികരിച്ച സമരസമിതി നേതാവ് എസ് പി ഉദയകുമാര്‍ കൂടംകുളം ആണവനിലയത്തിനെതിരെ സമരം തുടരുമെന്ന് അറിയിച്ചിരുന്നു.
ആണവനിലയത്തിനെതിരെ ഇടിന്തക്കരയിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന ജനകീയസമരം അന്താരാഷ്ട്രാ ശ്രദ്ധ നേടിയിരുന്നു. ഫുകുഷിമ ആണവദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സമരത്തിന് രാജ്യത്തിനകത്തും പുറത്തും നിന്നും കൂടുതല്‍ പിന്തുണയും കിട്ടി. തമിഴ്നാട് സര്‍ക്കാരുമായും പൊലീസുമായും നിരവധി തവണ ഏറ്റുമുട്ടേണ്ടിവന്ന സമരസമിതിയുടെ പ്രതീക്ഷ സുപ്രീം കോടതിയിലായിരുന്നു.
നിലയത്തിലെ പല യന്ത്രഭാഗങ്ങളും നിലവാരം കുറഞ്ഞതാണെന്നുള്ള രീതിയിലുള്ള പല കണ്ടെത്തലുകളും അടുത്തിടെ പുറത്തുവന്നിരുന്നു. നിലയത്തില്‍നിന്നുള്ള മാലിന്യങ്ങള്‍ എന്തു ചെയ്യും എന്നതിനെക്കുറിച്ചും തര്‍ക്കമുണ്ട്. കോടതി ഇതൊന്നും പരിഗണിച്ചില്ലെന്നായിരുന്നു സമരസമിതിയുടെ പരാതി.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനനന്ദനും കോടതി വിധി നിര്‍ഭാഗ്യകരമാണെന്ന് പ്രതികരിച്ചിരുന്നു. പരാതികള്‍ പലതും തീര്‍ക്കാതെ അനുമതി നല്‍കാനുള്ള തീരുമാനം ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുമെന്നും വി എസ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.