കൂടംകുളം ആണവനിലയം പ്രവര്‍ത്തനം ആരംഭിച്ചു

കൂടംകുളം| WEBDUNIA|
PRO
ആണവനിലയത്തിന്റെ പ്രവര്‍ത്തനം അര്‍ധരാത്രിയോടെ ഔദ്യോഗികമായി ആരംഭിച്ചു. ഊര്‍ജോല്‍പാദനത്തിന്റെ ആദ്യ പ്രക്രിയയായ ചെയിന്‍ റിയാക്ഷനാണ് തുടക്കം കുറിച്ചത്. പ്രവര്‍ത്തനം തുടങ്ങി രണ്ടുമാസത്തിനകം വൈദ്യുതി ഉല്‍പാദനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

കൂടംകുളം ആണവനിലയത്തിലെ റഷ്യന്‍ നിര്‍മിത ഉപകരണങ്ങളെല്ലാം സുരക്ഷിതവും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നതുമാണെന്ന് ആദ്യഘട്ട പരിശോധനകളില്‍ വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് റിയാക്ടറിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്.

ഈ പ്രക്രിയ വിജയിച്ചാല്‍ രണ്ടുമാസത്തിനകം കൂടംകുളത്ത് വൈദ്യുത ഉല്‍പ്പാദനം തുടങ്ങും. ഇവിടെനിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ആയിരം മെഗാവാട്ട് വൈദ്യുതി തമിഴ്നാട്, കേരളം, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കു ലഭിക്കും.

കൂടംകുളംനിലയത്തിന്റെ സുരക്ഷയെക്കുറിച്ച് പ്രദേശവാസികളും ആണവശാസ്ത്രജ്ഞരില്‍ ഒരുവിഭാഗവും ഉയര്‍ത്തിയ ആശങ്കകള്‍ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. കൂടംകുളം ആണവനിലയം ഉപാധികളോടെ പ്രവര്‍ത്തിപ്പിക്കാന്‍ മെയ് ആറാം തീയതി സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു.

ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് തടയണമെന്ന ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതി അന്ന് അങ്ങനെ ഉത്തരവിട്ടത്. ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യത്തിന് ആണവോര്‍ജ്ജം അത്യാവശ്യമാണെന്നും ആണവനിലയത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ തൃപ്തികരമാണെന്നും അന്ന് സുപ്രീം‌കോടതി നിരീക്ഷിച്ചിരുന്നു.

ആണവനിലയത്തിനെതിരെ ഇടിന്തക്കരയിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന ജനകീയസമരം അന്താരാഷ്ട്രാ ശ്രദ്ധ നേടിയിരുന്നു. ഫുകുഷിമ ആണവദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സമരത്തിന് രാജ്യത്തിനകത്തും പുറത്തും നിന്നും കൂടുതല്‍ പിന്തുണയും കിട്ടി. തമിഴ്നാട് സര്‍ക്കാരുമായും പൊലീസുമായും നിരവധി തവണ ഏറ്റുമുട്ടേണ്ടിവന്ന സമരസമിതിയുടെ പ്രതീക്ഷ സുപ്രീം കോടതിയിലായിരുന്നു.

സുപ്രീം‌കോടതി ഉത്തരവ് വന്ന ശേഷം പ്രതികരിച്ച സമരസമിതി നേതാവ് എസ് പി ഉദയകുമാര്‍ കൂടംകുളം ആണവനിലയത്തിനെതിരെ സമരം തുടരുമെന്ന് അറിയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :