ജനീവ|
Last Modified വെള്ളി, 17 ഒക്ടോബര്‍ 2014 (16:42 IST)
ആഫ്രിക്കയില്‍ എബോള വൈറസ് പടര്‍ന്നുപിടിക്കുന്നത് തടയാന്‍ ലോക രാജ്യങ്ങള്‍ സഹായിക്കണമെന്ന് ലോകാരോഗ്യ സംഘടന. വൈറസ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള 15 രാജ്യങ്ങളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വൈറസ് ബാധയില്‍ നിന്നുള്ള സംരക്ഷണം, തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയ മേഖലകളില്‍ ഈ രാജ്യങ്ങള്‍ക്ക് കൂടുതല്‍ സഹായം ലഭ്യമാക്കും. എന്നാല്‍ രാജ്യാന്തര സമൂഹത്തിന്റെ നിലപാടുകള്‍ തീര്‍ത്തും നിരാശാജനകമാണെന്ന് യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ പറഞ്ഞു. വികസിത രാഷ്ട്രങ്ങള്‍ കൂടുതല്‍ വേഗത്തില്‍ നടപടികള്‍ എടുക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മാസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ഇരട്ടിയായിക്കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന അധികൃതര്‍ പറഞ്ഞു. മരണസംഖ്യ ഈ ആഴ്ച തന്നെ 4,500 കടന്നേക്കുമെന്നും അവര്‍ അറിയിച്ചു.
അതിനിടെ ലൈബീരിയയില്‍ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ സ്പാനിഷ് പുരോഹിതനെ എബോളയുടെതെന്ന് സംശയിക്കുന്ന ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എബോള വൈറസ് ബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം നഴ്സിനെ പ്രവേശിപ്പിച്ചിരിക്കുന്ന അതേ ആശുപത്രിയില്‍ത്തന്നെയാണ് ഇദ്ദേഹത്തെയും പ്രവേശിപ്പിച്ചിരിക്കുന്നത്. സ്പെയിനില്‍ നിന്നുള്ള രണ്ട് പുരോഹിതര്‍ അടുത്തിടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനു ശേഷം എബോള ബാധിച്ച് മരണമടഞ്ഞിരുന്നു.