പുരോഹിതരായ കാമുകന്‍മാരെ വിട്ടുതരണമെന്ന് കാമുകിമാര്‍

വത്തിക്കാന്‍സിറ്റി| jibin| Last Modified ചൊവ്വ, 20 മെയ് 2014 (12:57 IST)
നിന്നെ പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്ന് പഠിപ്പിച്ച യേശു ക്രിസ്തുവിന്റെ സന്ദേശത്തിന് ഊന്നല്‍ നല്‍കി ആഗോള ക്രൈസതവ സഭയുടെ നേതാവായ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പയ്‌ക്ക് ഒരു കൂട്ടം കാമുകിമാരുടെ കത്ത്. തങ്ങള്‍ ജീവനു തുല്യം സ്നേഹിക്കുന്ന കാമുകന്‍മാരായ പുരോഹിതരെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞാണ് കാമുകിമാര്‍ മാര്‍പ്പാപ്പയ്‌ക്ക് കത്തെഴുതിയത്. 26 ഇറ്റാലിയന്‍ യുവതികള്‍ ഫോണ്‍ നമ്പര്‍ സഹിതം ഒപ്പിട്ട കത്താണ്‌ കഴിഞ്ഞ ദിവസം മാര്‍പ്പാപ്പയ്‌ക്ക് ലഭിച്ചത്‌.

ഞങ്ങള്‍ അവര്‍ക്കായി കാത്തിരിക്കുന്നു അവര്‍ ഞങ്ങളെ മറക്കാനാവത്ത വിധം സ്നേഹിക്കുന്നു ഞങ്ങള്‍ക്ക് ഇടയില്‍ സഭയുടെ വിവാഹ വിലക്കാണ് വില്ലനാവുന്നത്. രഹസ്യമായി ബന്ധം തുടരണോ പൗരോഹിത്യം ഉപേക്ഷിച്ച്‌ വിവാഹം കഴിക്കണോ എന്ന ധര്‍മ്മ സങ്കടത്തിലാണ്‌ തങ്ങളുടെ പ്രിയതമനെന്നും കത്തില്‍ പറയുന്നു. അതിനാല്‍ കാമുകന്‍മാരായ പുരോഹിതരെ വിവാഹം ചെയ്യാനുള്ള അവസരം ഒരുക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഇതിനായി സഭയുടെ വിവാഹവിലക്ക്‌ പുന:രവലോകനത്തിന്‌ വിധേയമാക്കണമെന്നും കാമുകിമാരുടെ കത്തില്‍ ആവശ്യപ്പെടുന്നു.

സ്നേഹിക്കുന്ന മനസിന്റെ വിങ്ങല്‍ മര്‍പ്പാപ്പ മനസിലാക്കണമെന്നും മനസുകൊണ്ട്‌ അടുക്കുമ്പോഴും പൂര്‍ണമായി സ്‌നേഹിക്കാനാവാത്ത അവസ്‌ഥ വേദന ഉളവാക്കുന്നതാണ്. ഇവരെ മറന്നുള്ള ജീവിതം വേദന നിറഞ്ഞതാവുമെന്നും യുവതികള്‍ മാര്‍പ്പാപ്പയ്ക്ക് നല്‍കിയ കത്തില്‍ പങ്കുവെയ്ക്കുന്നു. വത്തിക്കാനില്‍ നിന്നുള്ള വെബ്‌സൈറ്റായ വത്തിക്കാന്‍ ഇന്‍സൈഡര്‍ വഴിയാണ്‌ കത്തിലെ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്‌. പുരോഹിതരുടെ ബ്രഹ്‌മചര്യത്തെ 2010-ല്‍ പുറത്തിറക്കിയ പുസ്‌തകത്തില്‍ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ പിന്തുണച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :