'വലിയ കാര്യങ്ങൾ ഉടൻ സംഭവിക്കും' ലോകത്തെ സസ്‌പെൻസിൽ നിർത്തി ട്രംപ്; ഇറാനിലെ മന്ത്രി അമേരിക്കയിലേക്ക് !
Donald Trump
ഇറാനുമായുള്ള യുദ്ധത്തിൽ 'എല്ലാം തീരുമാനമാകുന്നു' എന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വലിയ കാര്യങ്ങൾ ഉടൻ സംഭവിക്കുമെന്ന് ട്രംപ് പറഞ്ഞതോടെ ലോകം മുഴുവൻ അമേരിക്കയിലേക്ക് ഉറ്റുനോക്കുകയാണ്.
പുലരുമോ സമാധാനം?
യുഎസിനോട് ഇറാൻ ഏഴ് ഉപാധികൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിനു തൊട്ടുപിന്നാലെയാണ് 'വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു' എന്ന ട്രംപിന്റെ പ്രസ്താവന. സമാധാനത്തിനു കളമൊരുങ്ങുന്നതിന്റെ സൂചനയാണിതെന്നാണ് വ്യക്തമാകുന്നത്. ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കപ്പെടുന്ന സാഹചര്യം ഉണ്ടായേക്കാമെന്നും ലോകം പ്രതീക്ഷിക്കുന്നു.
വെടിനിർത്തലോ?
യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ ഈയാഴ്ച ന്യൂയോർക്കിൽ എത്തുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെ താൻ കണ്ടേക്കുമെന്ന് ട്രംപ് പറഞ്ഞതാണ് പ്രതീക്ഷ നൽകുന്നത്. ഹോർമുസ് വഴി കടന്നുപോകുന്ന എണ്ണക്കപ്പലുകളുടെ എണ്ണം കൂടിയെന്ന് ഇതിനിടെ ഇറാനും വ്യക്തമാക്കി. ഇത് രണ്ടും വലിയ പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ്. അതിനൊപ്പം രാജ്യാന്തര ക്രൂഡോയിൽ വിലയുടെ ഇടിവും ആശ്വാസമാണ്. കഴിഞ്ഞവാരം ബാരലിന് 109 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് വില ഇപ്പോൾ 2.12% താഴ്ന്ന് 101.7 ഡോളറായി. ബാരലിന് 105 ഡോളറായിരുന്ന ഡബ്ല്യുടിഐ ക്രൂഡ് വില 2.31% കുറഞ്ഞ് 97.98 ഡോളറിലുമെത്തി.
ഇറാൻ വിദേശകാര്യമന്ത്രിയും യുഎസിലേക്ക്
യുഎൻ പൊതുസഭയിൽ പങ്കെടുക്കാനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഞായറാഴ്ച ന്യൂയോർക്കിലേക്ക് പുറപ്പെട്ടു. ഖത്തർ വഴിയാണ് ന്യൂയോർക്കിലേക്ക് അരാഗ്ചി പോവുക. അരാഗ്ചിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. എങ്കിലും സമാധാനം പുനസ്ഥാപിക്കാൻ ഇറാനുമായി ഏത് തരം ചർച്ചകളിലേക്കും യുഎസ് കടക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ല.
