'അവരെ നശിപ്പിക്കണോ ഞാൻ'; ഇറാനെതിരെ വീണ്ടും ട്രംപിന്റെ കൊലവിളി, ലോകം ആശങ്കയിൽ
Donald Trump
യുദ്ധകൊതിയടങ്ങാതെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെ പൂർണമായി നശിപ്പിക്കണോ വേണ്ടയോ എന്ന് താൻ തീരുമാനിക്കണമെന്ന് ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിൽ സ്ഥിതി സങ്കീർണമാകുമെന്നാണ് ട്രംപിന്റെ കൊലവിളിയിൽ നിന്ന് വ്യക്തമാകുന്നത്.
ട്രംപ് പറഞ്ഞത്
'എനിക്ക് മുന്നിൽ വലിയൊരു തീരുമാനമുണ്ട്. ഇറാൻ ഭരണകൂടത്തെ പൂർണമായി തകർക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതുണ്ട്. എന്ത് വേണമെങ്കിലും സംഭവിക്കാം,' ട്രംപ് പറഞ്ഞു.
മുൻപും ഇറാനെതിരെ സമാനമായ വെല്ലുവിളി ട്രംപ് നടത്തിയിട്ടുണ്ട്. ഒറ്റ രാത്രി കൊണ്ട് ഇറാനെ പൂർണമായി ഇല്ലാതാക്കാൻ തനിക്ക് സാധിക്കുമെന്നാണ് ഏപ്രിൽ ആറിന് പറഞ്ഞത്.
സൈനിക നടപടികൾ പുനഃരാരംഭിക്കാൻ ആലോചന
ഇറാനെതിരെ വീണ്ടും സൈനിക ആക്രമണങ്ങൾ പുനഃരാരംഭിക്കണോ എന്ന കാര്യത്തിൽ ട്രംപിന് രണ്ട് നിലപാടുണ്ട്. സൈനിക ആക്രമണങ്ങൾ കുറച്ചുകൊണ്ട് സാമ്പത്തിക ഉപരോധങ്ങളിലൂടെയും സമ്മർദ തന്ത്രങ്ങളിലൂടെയും ഇറാനെക്കൊണ്ട് ഹോർമുസ് കടലിടുക്ക് തുറപ്പിക്കാനാണ് നിലവിൽ അമേരിക്ക ശ്രമിക്കുന്നത്.
എണ്ണവില കുതിച്ചുയരുന്നു
ലോകത്തെ എണ്ണ വിതരണത്തിന്റെ വലിയൊരു പങ്കും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതിനെ തുടർന്ന് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുകയും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. യൂറോപ്പിലും ഇന്ധനവില കുതിച്ചുയരുകയാണ്.
