യുക്രൈനില്‍ സൈനിക നടപടി രൂക്ഷമാകുന്നു: അഞ്ച് മരണം

സ്ലാവ്യാന്‍സ്‌ക്| Last Modified വെള്ളി, 25 ഏപ്രില്‍ 2014 (10:01 IST)
റഷ്യന്‍ അനുകൂല വിമതരില്‍ നിന്ന് കിഴക്കന്‍ പട്ടണങ്ങള്‍ പടിച്ചെടുക്കാന്‍ യുക്രൈന്‍ പട്ടാളം ആരംഭിച്ച സൈനികനടപടിയില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കിഴക്കുള്ള 10 പട്ടണങ്ങളാണ് വിമതര്‍ പടിച്ചെടുത്തിരുന്നത്.

ഏപ്രില്‍ പകുതി മുതല്‍ വിമതര്‍ കൈയടക്കിയിരിക്കുന്ന സ്ലാവ്യാന്‍സ്‌ക് പട്ടണത്തിലാണ് യുക്രൈന്‍ പട്ടാള ടാങ്കുകള്‍ മാര്‍ച്ച് നടത്തിയത്. ഏറ്റുമുട്ടലില്‍ അഞ്ച് അനുകൂലികള്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. തെക്കുകിഴക്കന്‍ തുറമുഖ നഗരമായ മാരിയൂപൊളില്‍ വിമതര്‍ കൈയടക്കിവെച്ചിരുന്ന ടൗണ്‍ഹാള്‍ രക്തംചിന്താതെ വ്യാഴാഴ്ച തിരിച്ചുപിടിച്ചെന്ന് യുക്രൈന്‍ ആഭ്യന്തരമന്ത്രി ആഴ്‌സെന്‍ അവകോവ് പറഞ്ഞു.

എന്നാല്‍ യുക്രൈന്റെ നീക്കത്തിന് പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ മുന്നറിയിപ്പു നല്‍കി. യുക്രൈന്റെ ആക്രമണം കുറ്റകൃത്യമാണെന്നും സ്വന്തം ജനത്തിനുനേരേ സൈന്യത്തെ ഉപയോഗിക്കാന്‍ തുടങ്ങിയെങ്കില്‍ അത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും പുടിന്‍ മുന്നറിയിപ്പുനല്‍കി. കിഴക്കന്‍ അതിര്‍ത്തിയില്‍ 40,000 പട്ടാളക്കാരെ റഷ്യ വിന്യസിച്ചിട്ടുണ്ട്.

സംഘര്‍ഷസാധ്യത രൂക്ഷമാക്കി ജനീവ കരാര്‍ അനുസരിക്കുന്നില്ലെന്ന് ആരോപിച്ച യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ദിവസങ്ങള്‍ക്കുള്ളില്‍ റഷ്യയ്ക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. യുക്രൈനിലേക്ക് യു.എസ്സിന്റെയോ നാറ്റോയുടെയോ സേനയെ ആയയ്ക്കില്ലെന്ന് ഒബാമ പറഞ്ഞെങ്കിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ നാറ്റോ സേനയിലേക്ക് 600 പട്ടാളക്കാരെ യു.എസ്. അയച്ചു. ബാള്‍ട്ടിക് മേഖലയില്‍ റോന്തു ചുറ്റാന്‍ നാല് പോര്‍വിമാനങ്ങള്‍ അയയ്ക്കുമെന്ന് ഫ്രാന്‍സും അറിയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :