ലണ്ടന്‍|
Last Modified വെള്ളി, 23 മെയ് 2014 (10:09 IST)
ശ്രീരാമനാമം ആലേഖനംചെയ്ത ടിപ്പുസുല്‍ത്താന്റെ മോതിരം ലണ്ടനില്‍ ലേലംചെയ്തു. പ്രമുഖ ലേലകമ്പനിയായ ക്രിസ്റ്റീസിന്റെ വെബ് സൈറ്റിലൂടെയാണ് 1.42 കോടി രൂപയ്ക്ക് പേര് വെളിപ്പെടുത്താത്തയാള്‍ ലേലത്തിലെടുത്തത്.
നിശ്ചയിച്ച മൂല്യത്തിന്റെ പത്തിരട്ടി നല്‍കിയാണ് 41.2 ഗ്രാം തൂക്കംവരുന്ന മോതിരം ഇയാള്‍ സ്വന്തമാക്കിയത്. ദേവനാഗിരി ലിപിയില്‍ റാം എന്നാണ് മോതിരത്തില്‍ എഴുതിയിരിക്കുന്നത്.
1799ല്‍ ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെടുമ്പോള്‍ ടിപ്പുവിന്റെ വിരലിലുണ്ടായിരുന്ന മോതിരമാണിത്. ശ്രീരംഗപട്ടണം യുദ്ധത്തില്‍ കൊല്ലപ്പെട്ട ടിപ്പുവിന്റെ വിരലില്‍ നിന്ന് വെല്ലിങ്ടണ്‍ ഡ്യൂക്കായിരുന്ന ആര്‍തര്‍ വെല്ലസ്ലിയാണ് മോതിരം ഊരിയെടുത്തത്.
പിന്നീട് 19-മത് നൂറ്റാണ്ടിലെ സൈനികനായ ഫിറ്റ്‌സ്‌റോയ് സോമര്‍സെറ്റ് ഈ മോതിരം സ്വന്തമാക്കി. വെല്ലസ്ലിയുടെ അനന്തരവളെയാണ് സോമര്‍സെറ്റ് വിവാഹംചെയ്തത്. വിവാഹസമ്മാനമായിട്ടാണ് ഡ്യൂക് സോമര്‍സെറ്റിന് ടിപ്പുവിന്റെ മോതിരം കൈമാറിയത്.
ഫിറ്റ്‌സ്‌റോയ് സോമര്‍സെറ്റിന്റെ പൗത്രന്റെ മകനായ ഫിറ്റ്‌സ്‌റോയ് ജോണ്‍ സോമര്‍സെറ്റിന്റെ പക്കലായിരുന്നു മോതിരം അവസാനം ഉണ്ടായിരുന്നത്.