ലണ്ടന്‍|
Last Modified ചൊവ്വ, 6 മെയ് 2014 (16:07 IST)
പഴയ സൈക്കിള്‍ വാങ്ങുന്നതിനെക്കുറിച്ചുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ബംഗ്ലാദേശി ബാലനെ ഒരു സംഘം യുവാക്കള്‍ കുത്തിക്കൊലപ്പെടുത്തി. യുകെയിലെ ബ്രിക്സ്റ്റണിലാണ് ക്രൂരമായ കൊലപാതകം നടന്നത്.
പതിനേഴുകാരനായ അലീം ഉദ്ദിന്‍ എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. അലീം തന്റെ സഹപാഠിയായ ഒരു വിദ്യാര്‍ത്ഥിയോട് പഴയ സൈക്കിള്‍ വിലയ്ക്ക് ചോദിച്ചിരുന്നു. പറഞ്ഞതുപ്രകാരം 90 പൗണ്ടും നല്‍കി. എന്നാല്‍ സഹപാഠി സൈക്കിള്‍ കൈമാറിയില്ല. 50 പൗണ്ട് അധികം ചോദിക്കുകയും ചെയ്തു.
ഒടുവില്‍ സഹപാഠി സൈക്കിള്‍ നല്‍കാനായി അയാളുടെ വീട്ടിലേക്ക് അലീമിനെ ക്ഷണിച്ചുവരുത്തുകയായിരുന്നു. രണ്ടു സുഹൃത്തുക്കളുമായി അവിടെയെത്തിയ അലീം അവരെ പുറത്തുനിറുത്തിയശേഷം സഹപാഠിയെ തേടി അകത്തേക്ക് പോയി. അവിടെ സഹപാഠിയ്‌ക്കൊപ്പം കുറെ യുവാക്കളും കാത്തുനില്‍പ്പുണ്ടായിരുന്നു.
അലീമുമായി തര്‍ക്കത്തിനുമുതിര്‍ന്ന അവര്‍ അവനെ ഇടിച്ചുവീഴ്ത്തിയശേഷം എട്ടാം നിലയുടെ മുകളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കുത്തിക്കൊല്ലുകയായിരുന്നു. ഒച്ചപ്പാട് കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ വിളിച്ചറിയിച്ചതിനുശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അലീമിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതാണ് പുറത്തുകാത്തുനിന്ന സുഹൃത്തുക്കള്‍ കണ്ടത്.
അലീമിന്റെ മാതാപിതാക്കളായ ഹക്കീമും പരൂളും ബ്രിക്സ്റ്റണിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ ജോലി ചെയ്തുവരികയാണ്.