വാഷിംഗ്‌ടണ്‍|
VISHNU.NL|
Last Modified തിങ്കള്‍, 30 ജൂണ്‍ 2014 (12:15 IST)
പാക്കിസ്ഥാനിലെ തീവ്രവാദി സംഘടനകള്‍ കൈകോര്‍ത്ത് ആകാശത്തും കടലിലും തങ്ങളുടെ ശക്തി തെളിയിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.
പാകിസ്‌താനിലെ ലഷ്‌കറെ തോയ്‌ബയും ജമാഅത്ത് ഉദ് ദവയും പ്രഹരശേഷിയേറിയ ആയുധങ്ങള്‍ സമ്പാദിക്കാനുള്ള ശ്രമത്തിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയില്‍ കഴിയുന്ന പാകിസ്‌താനി എഴുത്തുകാരനായ ആരിഫ് ജമാലിന്റെ 'കോള്‍സ് ഫോര്‍ ട്രാന്‍സ്‌നാഷണല്‍ ജിഹാദ്: ലഷ്‌കറെ തോയ്‌ബ 1985-2014' എന്ന പുസ്‌തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജമാഅത്തെ ഉദ് ദവയ്‌ക്ക് ആണവായുധങ്ങള്‍വരെ ലഭിക്കാനുളള സാധ്യത ഉണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.
ഈ ഭീകര സംഘടനകള്‍ ശക്തമാകുന്നത് ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമാണ് കൂടുതല്‍ ഭീഷ്ണി ഉണ്ടാക്കുന്നത്. ഇന്ത്യയും അഫ്‌ഗാനിസ്‌ഥാനും സമാധാനത്തോടെ കഴിയുന്ന സമയത്താണു പാക് സൈന്യം ജിഹാദികളെ ഉപയോഗിച്ച് ആക്രമണങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളതെന്നും അതുകൊണ്ടുതന്നെ പാക് ചാരസംഘടനയായ ഐ.എസ്.ഐ. ഇവരെ വീണ്ടും ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും ആരിഫ് പറയുന്നു.
എന്നാല്‍ പാകിസ്‌താന്‍ സര്‍ക്കാര്‍ ഈ രണ്ടു സംഘടനയ്‌ക്കെതിരേയോ ജമാഅത്തെ ഉദ് ദവ നേതാവ് ഹാഫിസ് സയീദിനെതിരേയോ എന്തെങ്കിലും നടപടിയെടുക്കാനുള്ള സാധ്യത കുറവാണെന്നും 260 പേജുള്ള പുസ്‌തകത്തില്‍ പറയുന്നു.