ബാഗ്ദാദ്|
Last Modified ചൊവ്വ, 24 ജൂണ്‍ 2014 (09:11 IST)
തീവ്രവാദികള്‍ക്കെതിരേ ഇറാഖികള്‍ ഒന്നിച്ചുനിന്നാല്‍ എല്ലാ സഹായവും നല്‍കാന്‍ അമേരിക്ക തയ്യാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. തിങ്കളാഴ്ച ബാഗ്ദാദില്‍ എത്തിയ പ്രധാനമന്ത്രി നൂറി അല്‍ മാലികിയുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോണ്‍ കെറി.
ഇറാഖ് വിദേശകാര്യ മന്ത്രിയുമായും ഷിയ, സുന്നി നേതാക്കളുമായും കെറി ചര്‍ച്ച നടത്തി. സുന്നി തീവ്രവാദികളുടെ മുന്നേറ്റത്തെ തുടര്‍ന്ന് ഇറാക്കിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങള്‍ തീവ്രവാദികളുടെ വരുതിയിലായതിനു പിന്നാലെയാണ് ജോണ്‍ കെറി ബാഗ്ദാദിലെത്തിയത്.
വരുംദിവസങ്ങളില്‍ സ്വീകരിക്കുന്ന തീരുമാനങ്ങളായിരിക്കും ഇറാഖിന്റെ ഭാവി നിര്‍ണയിക്കുക. തങ്ങളുടെ പിന്തുണ തീക്ഷ്ണവും സുദൃഢവുമായിരിക്കും. തീവ്രവാദികള്‍ക്കെതിരേ ഇറാഖികള്‍ ഒന്നിച്ചാല്‍ മാത്രമേ അത് പ്രായോഗികമാകുകയുള്ളു. ജൂലൈ ഒന്നിന് ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനോട് പ്രധാനമന്ത്രി മാലികി അനുകൂലിച്ചുവെന്നും കെറി സൂചിപ്പിച്ചു.