അംഭിറാം മനോഹർ|
Last Modified ഞായര്‍, 18 ജൂലൈ 2021 (11:54 IST)
ഇന്ത്യ അഫ്‌ഗാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ടിനുനേരെ
താലിബാൻ ആക്രമണം വലിയ സുരക്ഷ ആശങ്കയാകുന്നു. അഫ്‌ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിൽ ചെഷ്ത് ജില്ലയിലെ വൈദ്യുതിയുടെയും ജലസേചനത്തിന്റെയും പ്രധാന സ്രോതസ്സാണ് സൽമ അണക്കെട്ട്. 2016ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനിയും സംയുക്തമായാണ് അണക്കെട്ട് ഉദ്ഘാടനം ചെയ്തത്.
വെള്ളിയാഴ്‌ച്ച രാത്രിയോടെയായിരുന്നു അണക്കെട്ടിനെതിരെയുള്ള താലിബാൻ ആക്രമണം. അതേസമയം ആക്രമണത്തിന് പിന്നാലെ അണക്കെട്ടിന്‍റെ ചുമതലയുള്ള അഫ്ഗാൻ നാഷനൽ വാട്ടർ അതോറിറ്റി മുന്നറിയിപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. താലിബാൻ ആക്രമണം രൂക്ഷമായാൽ മഹാദുരന്തമുണ്ടാകുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ പല ഷെല്ലുകളും അണക്കെട്ടിന് അടുത്താണ് പതിച്ചത്. പടിഞ്ഞാറൻ അഫ്ഗാനിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവനും സ്വത്തും നശിക്കുന്ന വലിയ ദുരന്തമാണ് അണക്കെട്ട് തകര്‍ന്നാൽ സംഭവിക്കുക.