സ്പെയിനില്‍ രാഷ്ട്രീയ പ്രതിസന്ധി; കാറ്റലോണിയന്‍ സ്വാതന്ത്ര്യവാദികള്‍ക്ക് പ്രാദേശിക പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വിജയം

ബാഴ്സലോണ| VISHNU N L| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (08:11 IST)
സ്കോട്ട്‌ലാന്‍ഡ് വാദം ഉയര്‍ത്തി വിട്ട വിവാദത്തില്‍ നിന്ന് ബ്രിട്ടണ്‍ കരകയറി വരുന്നതിനു മുമ്പേ യൂറോപ്പില്‍ മറ്റൊരു പ്രമുഖ രാജ്യം കൂടി വിഭജന ഭീഷണിയില്‍. യൂറോപ്പിലെ പ്രമുഖ രാജ്യമായ സ്പെയിനിലാണ് പ്രത്യേക രാജ്യം വേണമെന്ന ആവശ്യത്തിന് രാഷ്ട്രീയ വിജയം ഉണ്ടായിരിക്കുന്നത്. സ്പെയിനിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയുയര്‍ത്തുന്നതാണ് പ്രത്യേക രാജ്യമെന്ന കാറ്റലോണിയന്‍ വാദികള്‍ക്ക് കാറ്റലോണിയന്‍ പ്രാദേശിക പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയം.

135 സീറ്റുകളില്‍ 72 എണ്ണം സ്വാതന്ത്ര്യാനുകൂല കക്ഷികള്‍ സ്വന്തമാക്കി. വിഭജനാനുകൂലികളായ ഇടതു പാര്‍ട്ടി പോപുലര്‍ യൂനിറ്റി കാന്‍ഡിഡസി (സി.യു.പി) പത്ത് സീറ്റുകളും നേടി. അതേസമയം പ്രസിഡന്‍റ് ആര്‍തര്‍ മാസിന്റെ ജൂണ്ട് പെര്‍ സീ സഖ്യം 62 സീറ്റുകളാണ് നേടിയത്. അതേസമയം സീറ്റുകളില്‍ ഭൂരിപക്ഷമുണ്ടെങ്കിലും 47.9 ശതമാനം വോട്ട് നേടാനേ സ്വാതന്ത്ര്യവാദികള്‍ക്കായുള്ളുവെന്നത് വെല്ലുവിളിയാകും. കാറ്റലോണിയയില്‍ ഹിതപരിശോധന നടത്താന്‍ സ്പെയിന്‍ അനുമതി നല്‍കാത്തതിനാല്‍ പ്രാദേശിക തിരഞ്ഞെടുപ്പിനെ ഹിതപരിശോധനായായി സ്വാതന്ത്ര്യവാദികള്‍ പ്രഖ്യാപിച്ചിരുന്നത്.

പ്രാദേശിക പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചതോടെ സ്വാതന്ത്ര്യവാദികളും, ഇടത് പാര്‍ട്ടിയും ചേര്‍ന്ന സഖ്യം പാര്‍ലമെന്‍റ് രൂപവത്കരിച്ച് വിഭജനത്തിനായുള്ള നീക്കങ്ങള്‍ ആരംഭിക്കുമെന്നാണ് സൂചന. 18 മാസങ്ങള്‍ക്കുള്ളില്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താനാണ് നീക്കം. അതേസമയം, വോട്ടിങ് ശതമാനത്തില്‍ ഭൂരിപക്ഷമില്ലാത്തത് പൊതുവികാരം ഏകീകൃത രാജ്യത്തിനൊപ്പമാണെന്ന് തെളിയിക്കുന്നുവെന്ന് സ്പെയിന്‍ പ്രധാനമന്ത്രി മരിയാനോ റക്സോയി പ്രതികരിച്ചു.

കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ നടത്തുന്ന ഏതൊരു നീക്കത്തെയും കോടതിയില്‍ ചെറുത്തുതോല്‍പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സമ്പന്നമായ കാറ്റലോണിയ പ്രദേശം സ്പെയിനിലെ ദരിദ്ര മേഖലകള്‍ക്ക് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സ്വാതന്ത്ര്യ നീക്കങ്ങളില്‍ കലാശിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :