അഭയാര്‍ഥി പ്രവാഹം; ഹംഗറിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും

ബുഡാപെസ്‌റ്റ്| VISHNU N L| Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (12:02 IST)
പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രാജ്യത്തേക്കൊഴുകുന്ന അഭയാര്‍ഥികളെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഹംഗറി തീരുമാനിച്ചു. വരുന്നയാഴ്‌ച ഇക്കാര്യത്തില അന്തിമ തീരുമാനം വരുമെന്നാണ്‌ സൂചന. ഇതു സംബന്ധിച്ച ശുപാർശകളടങ്ങിയ ആഭ്യന്തരമന്ത്രാലയത്തിന്റെ ബില്ലുകളിൽ 15നു നടക്കുന്ന സർക്കാർ ഉന്നതതലയോഗത്തിൽ തീരുമാനമായേക്കും. അതിര്‍ത്തിയില്‍ സൈനികരെ വിന്യസിച്ചും മൂര്‍ച്ചയുള്ള കമ്പിവേലി കെട്ടിയിട്ടും അഭയാര്‍ഥികളെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് നടപടി.

ജർമനി അടക്കം യൂറോപ്യൻ യൂണിയനിലെ സമ്പന്നരാജ്യങ്ങളിലേക്കു കുടിയേറാനായി ഒന്നരലക്ഷത്തോളം പേരാണ് ഈ വർഷം ഹംഗറിയിലൂടെ കടന്നുപോയത്. അതിർത്തിവേലി മുറിച്ചുകടക്കുന്നതു ക്രിമിനൽ കുറ്റമാക്കാനുള്ള ശുപാർശയും പരിഗണനയിലുണ്ട്. ഇതുവരെ ഒന്നരലക്ഷം പേര്‍ അതിര്‍ത്തി മുറിച്ചു കടന്നെന്നും അടുത്തയാഴ്‌ച 40000ത്തോളം അഭയാര്‍ത്ഥികള്‍ കൂടിയെത്തുമെന്നും ഹംഗറി കണക്കുകൂട്ടുന്നു. അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ സെര്‍ബിയയുമായി അതിര്‍ത്തി പങ്കിടുന്ന 175 കിലോമീറ്റര്‍ പരിധിയില്‍ ഇതിനകം തന്നെ ഹംഗറി മൂര്‍ച്ചയേറിയ കമ്പിവേലി തീര്‍ത്തിട്ടുണ്ട്‌.

അഭയാർഥിപ്രവാഹം വർധിച്ചതോടെ ഓസ്ട്രിയയ്ക്കും ഹംഗറിക്കുമിടയിലെ റയിൽ ഗതാഗതവും താൽക്കാലികമായി നിർത്തി. ഒരു നിയന്ത്രണവുമില്ലാതെ അഭയാർഥികളെ സ്വീകരിക്കാനാവില്ലെന്നും രാത്രി റയിൽവേ സ്റ്റേഷനുകളിൽ തമ്പടിക്കുന്നത് അനുവദിക്കാനാവില്ലെന്നും ഓസ്ട്രിയൻ അധികൃതർ അറിയിച്ചു. വ്യാഴാഴ്ച 3700 പേരാണ് ഹംഗറിയിൽ നിന്ന് ഓസ്ട്രിയയിലെത്തിയത്.

അതേസമയം, യൂറോപ്പിലേക്കുള്ള മനുഷ്യക്കടത്ത് തടയാനായി കടലിൽ തിരച്ചിൽ നടത്താനും കപ്പലുകളും ബോട്ടുകളും പരിശോധിക്കാനും യൂറോപ്യൻ നാവികസേനയ്ക്ക് അനുമതി നൽകുന്നതു ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി പരിഗണിക്കും. മുഖ്യമായും ലിബിയയിൽനിന്നുള്ള കപ്പലുകൾ പരിശോധിക്കുന്നതു സംബന്ധിച്ച കരടു പ്രമേയം രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾക്കു നൽകിയിട്ടുണ്ട്. ഈ മാസം തന്നെ ഇക്കാര്യത്തിൽ തീരുമാനമാകും.

ഹംഗറിക്കൊപ്പം ചെക്‌ റിപ്പബ്‌ളിക്‌, റുമേനിയ,സ്‌ളോവാക്യ,ഡെന്‍മാര്‍ക്ക്‌ എന്നീ രാജ്യങ്ങളും അഭയാര്‍ഥികള്‍ക്കു നേരെ മുഖം തിരിച്ചു നില്‍ക്കുകയാണ്‌. ഓസ്‌ട്രിയ കഴിഞ്ഞ ദിവസം അഭയാര്‍ത്ഥികള്‍ റെയില്‍വേ സ്‌റ്റേഷനില്‍ തങ്ങുന്നത്‌ അനുവദിക്കാനാകില്ലെന്ന്‌ വ്യക്‌തമാക്കിയിരുന്നു. വ്യാഴാഴ്‌ച 3700 പേര്‍ ഓസ്‌ട്രീയയില്‍ എത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :