തുമ്പി ഏബ്രഹാം|
Last Modified ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (13:36 IST)
മെക്സിക്കോ നഗരത്തിന് സമീപം നാൽപ്പതിലധികം തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത് ദുരൂഹതകൾക്ക് വഴിവെച്ചു. മയക്കുമരുന്ന് കടത്തുകാരുടെ സങ്കേതങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. 40 ൽ അധികം തലയോട്ടികളും ഒരു ഡസനോളം എല്ലുകളും കൂടാതെ ഗ്ലാസ് ഭരണിയില്‍ സൂക്ഷിച്ച നിലയില്‍ ഒരു ഭ്രൂണവും കണ്ടെത്തിയിട്ടുണ്ട്.
ബലിപീഠത്തിനരികിലായി സൂക്ഷിച്ച നിലയിലാണ് തലയോട്ടികള്‍ കണ്ടെത്തിയത്. മെക്‌സിക്കോ സിറ്റി അറ്റോര്‍ണി ജനറലിന്റെ ഓഫീസ് പുറത്തുവിട്ട ചിത്രത്തില്‍ ബലിപീഠത്തിന് ചുറ്റുമായി അടുക്കിവെച്ച നിലയിലാണ് തലയോട്ടികള്‍. ബലിപീഠത്തിന് പിറകിലായി തലയില്‍ കൊമ്ബുകളോടു കൂടിയ മുഖം മൂടി കൊണ്ടലങ്കരിച്ച നിലയില്‍ ഒരു കുരിശ് സ്ഥാപിച്ചിരുന്നു.
ബലിപീഠത്തിന് വലതുവശത്തെ ഭിത്തിയില്‍ നിറയെ ചിഹ്നങ്ങള്‍ വരച്ചു ചേര്‍ത്തിരുന്നു. മുകളില്‍ കൈകളുള്ള പിരമിഡ്, കൊമ്പുകള്‍ക്കിടയില്‍ ഷഡ്ഭുജാകൃതി വരച്ചു ചേര്‍ത്ത ആട്ടിന്‍തല, ആകാശ ഗോളങ്ങള്‍ ഇവയുള്‍പ്പെടെ അനവധി നിഗൂഢചിഹ്നങ്ങളും ചിത്രങ്ങളും ഇവയില്‍ പെടുന്നു. വിവിധനിറത്തിലെ വരകളുള്ള ദണ്ഢുകള്‍ ഭിത്തിക്ക് അഭിമുഖമായി സ്ഥാപിച്ചിരുന്നു.
തലയോട്ടികളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് വക്താവ് പറഞ്ഞു. സ്ഥലത്ത് കത്തി, 40 താടിയെല്ലുകള്‍, ഗര്‍ഭപിണ്ഡം, 30 ഓളം കൈ കാലുകളുടെ എല്ലുകള്‍ എന്നിവയും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഗര്‍ഭപിണ്ഡം മനുഷ്യരുടേതാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മയക്കുമരുന്ന് കടത്തുകാരാണെന്ന സംശയത്തിന്റെ പേരില്‍ 31 പേരെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ അവരില്‍ 27 പേരെ വിട്ടയക്കാന്‍ ജഡ്ജി ഉത്തരവിട്ടു. ടെപിറ്റോയില്‍ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട് പരീക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി രഹസ്യതുരങ്കങ്ങളും രഹസ്യസങ്കേതങ്ങളും നിറഞ്ഞ ടെപിറ്റോ രഹസ്യപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായാണ് നിരീക്ഷിക്കപ്പെടുന്നത്. ആഭിചാരപ്രവര്‍ത്തനങ്ങളും ഇവിടെ സജീവമോണോ എന്നും പോലീസ് അന്വഷിച്ച് വരുന്നുണ്ട്.