1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Mojtaba khamenei treatment in russia says reports

'മൊജ്തബ ഖമേനി' മോസ്കോയിൽ, പുട്ടിന്റെ വസതിക്കടുത്ത് തന്നെ ചികിത്സയെന്ന് റിപ്പോർട്ട്

ഇറാന്‍ പരമോന്നത നേതാവുമായി അടുപ്പമുള്ള ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നാണ് വിവരം ലഭിച്ചതെന്ന് അല്‍ - ജരീദ പറയുന്നു.

Mojtaba Khamenei iran new supreme leader
മോസ്‌കോ: അമേരിക്കന്‍-ഇസ്രയേല്‍ സൈനിക ആക്രമണത്തില്‍ പരിക്കേറ്റ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയ ചികിത്സക്കായി രഹസ്യമായി മോസ്‌കോയിലേക്ക് മാറ്റപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കുവൈത്ത് പത്രമായ അല്‍ ജരീദയാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മൊജ്തബ ഖമേനി മോസ്‌കോയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും നിലവില്‍  റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്റെ വസതിക്കടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
മാര്‍ച്ച് 12-ലെ ഒരു ടെലിഫോണ്‍ സംഭാഷണത്തില്‍ പുട്ടിന്‍ നേരിട്ടാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസേഷ്‌ക്യാനോട് ഖമേനിക്ക് റഷ്യയില്‍ ചികിത്സ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ അധികൃതര്‍ നിര്‍ദ്ദേശം അംഗീകരിച്ചതോടെ, ആ രാത്രി തന്നെ ഖമേനിയെ റഷ്യന്‍ സൈനിക വിമാനത്തില്‍ മോസ്‌കോയിലേക്ക് കൊണ്ടുപോയി.
 
ഇറാന്‍ പരമോന്നത നേതാവുമായി അടുപ്പമുള്ള ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നാണ് വിവരം ലഭിച്ചതെന്ന് അല്‍ - ജരീദ പറയുന്നു. അതേസമയം ഇത് സംബന്ധിച്ച് റഷ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ മൊജ്തബ ഖമേനിയുടെ പിതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെടുകയും കുടുംബത്തിലെ ആറ് അംഗങ്ങള്‍ മരിക്കുകയും ചെയ്തിരുന്നു.ഈ ആക്രമണത്തില്‍ മൊജ്തബയ്ക്കും പരിക്കേറ്റിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് പിന്നാലെ ഇറാന്‍ പരമോന്നത നേതാവായി മൊജ്തബ സ്ഥാനാരോഹണം ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ ചിത്രങ്ങളോ വീഡിയോകളോ പുറത്തുവന്നിരുന്നില്ല. പകരം എഴുതിതയ്യാറാക്കിയ പ്രസ്താവനയാണ് പുറത്തുവന്നത്.
അടുത്ത ലേഖനം
എൽ നിനോ ഭീഷണി: രാജ്യത്ത് ഇത്തവണ കാലവർഷം കുറഞ്ഞേക്കുമെന്ന് മുന്നറിയിപ്പ്