രേണുക വേണു|
Last Modified വെള്ളി, 24 ഫെബ്രുവരി 2023 (17:05 IST)
Menstrual Leave: ആര്‍ത്തവ അവധി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരിക്കുകയാണ്. നയപരമായ വിഷയമായതിനാല്‍ സര്‍ക്കാരിന് തീരുമാനിക്കാമെന്നാണ് കോടതിയുടെ നിലപാട്. അതായത് രാജ്യത്ത് ആര്‍ത്തവ അവധി നിയമ വിധേയമാക്കണമെങ്കില്‍ കേന്ദ്രം നിയമനിര്‍മാണം നടത്തിയാല്‍ മതി.
പല രാജ്യങ്ങളും നേരത്തെ തന്നെ ആര്‍ത്തവ അവധി അംഗീകരിച്ചിട്ടുണ്ട്. അത് ഏതൊക്കെ രാജ്യങ്ങളാണെന്ന് നോക്കാം:
സ്‌പെയിന്‍ ആണ് അടുത്ത കാലത്ത് ആര്‍ത്തവ അവധി അംഗീകരിച്ച യൂറോപ്യന്‍ രാജ്യം. ആര്‍ത്തവ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ തോന്നുകയാണെങ്കില്‍ മാസത്തില്‍ മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ അവധിയെടുക്കാനുള്ള അനുമതി സ്‌പെയിനില്‍ ഉണ്ട്. ശമ്പള സഹിതമുള്ള അവധിയാണ് ഇത്. ഫെബ്രുവരി 16 നാണ് സ്‌പെയിന്‍ പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട നിയമ നിര്‍മാണം നടന്നത്.
രണ്ടാം ലോക മഹായുദ്ധത്തിന് പിന്നാലെയാണ് ജപ്പാനില്‍ ആര്‍ത്തവ അവധി നിയമവിധേയമായത്. 1947 ലെ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് പ്രകാരമാണ് ജപ്പാനില്‍ ആര്‍ത്തവ അവധി അനുവദിച്ചിരിക്കുന്നത്. ഒന്ന് മുതല്‍ മൂന്ന് ദിവസം വരെയാണ് ജപ്പാനിലെ ആര്‍ത്തവ അവധി.
മാസത്തില്‍ രണ്ട് ദിവസമാണ് ഇന്തോനേഷ്യയില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നിയമപരമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ പല കമ്പനികളും ഈ നിയമം നടപ്പിലാക്കുന്നില്ല എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2001 ലാണ് ദക്ഷിണ കൊറിയ ആര്‍ത്തവ അവധി അംഗീകരിച്ചത്. വലതുപക്ഷ പുരുഷ ആക്ടിവിസ്റ്റുകള്‍ അന്ന് ഈ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. മാസത്തില്‍ ഒരു ദിവസമാണ് ദക്ഷിണ കൊറിയയിലെ ആര്‍ത്തവ അവധി.
മാസത്തില്‍ രണ്ട് ദിവസം ആര്‍ത്തവ അവധി അംഗീകരിച്ചിട്ടുള്ള രാജ്യമാണ് ചൈന. തായ് വാനില്‍ മൂന്ന് ദിവസമാണ് ആര്‍ത്തവ അവധി.
2016 ലാണ് സ്വീഡന്‍ ആര്‍ത്തവ അവധി അംഗീകരിച്ചത്. ഇറ്റലിയില്‍ മാസത്തില്‍ മൂന്ന് ദിവസം ആര്‍ത്ത അവധിയുണ്ട്. സാംബിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലും ആര്‍ത്ത അവധി അംഗീകരിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ബിഹാര്‍ സംസ്ഥാനത്ത് ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെ 1992 ല്‍ ആര്‍ത്തവ അവധി അംഗീകരിച്ചിട്ടുണ്ട്. ശമ്പളത്തോടു കൂടിയ രണ്ട് ദിവസം അവധിയാണ് അന്ന് അംഗീകരിച്ചത്.