മാര്‍‌പാപ്പ അധ്വാനിയാണ്; ആരോഗ്യം പ്രശ്നമേയല്ല!

വത്തിക്കാന്‍ സിറ്റി| Last Modified വ്യാഴം, 3 ജൂലൈ 2014 (13:23 IST)
ഫ്രാന്‍സിസ് മാര്‍പാപ്പ അധ്വാനിയാണ്, സ്വന്തം ആരോഗ്യം പോലും അവഗണിച്ച് അത്യധ്വാനി. ഇറ്റാലിയന്‍ പത്രമാണ് മാര്‍പാപ്പയുടെ കഠിനാധ്വാ‍നത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
മാര്‍പാപ്പയായി സ്ഥാനാരോഹണം ചെയ്തശേഷം 12,000 പേരെ ആശീര്‍വദിച്ചു. ദിവസവും 50 കത്തുകള്‍ വായിക്കുകയും 150 മണിക്കൂര്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ പൊതുദര്‍ശം നല്‍കുകയും ചെയ്തതായാണ് കണക്ക്.

പുലര്‍ച്ചെ 4.45നാണ് മാര്‍പാപ്പ ഉണരുന്നത്. ആദ്യം വത്തിക്കാന്‍ സ്ഥാനപതികളുടെ സന്ദേശങ്ങള്‍ വായിക്കുകയും ഒരു മണിക്കൂര്‍ പ്രാര്‍ഥിക്കുകയും ചെയ്യും. ഇതിനുശേഷം കുര്‍ബാനയ്ക്കു സന്ദേശം നല്‍കുന്നതിനായി കുറിപ്പുകള്‍ തയാറാക്കും.

ഉച്ചയൂണിനു ശേഷം 30 മിനിറ്റ് വിശ്രമിക്കാറുണ്ടെങ്കിലും തിരക്കുകള്‍ കാരണം ചിലപ്പോള്‍ അതും സാധിക്കാറില്ല. ആരോഗ്യം മോശമായത് മൂലം പല പരിപാടികളും മാര്‍പാപ്പ മാറ്റി‌വെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാര്‍പാപ്പയുടെ അധ്വാനം മൂലമാണ് ആരോഗ്യം മോശമായതെന്ന വാര്‍ത്ത പുറത്തുവരുന്നത്.

മാര്‍പാപ്പ തന്നെയാണ് അദ്ദേഹത്തിന്റെ പരിപാടികള്‍ തീരുമാനിക്കുന്നത്. എന്നാല്‍ ദൈവത്തിനു വേണ്ടി ജോലി ചെയ്യുമ്പോള്‍ വിശ്രമം ആവശ്യമില്ലെന്നാണ് മാര്‍പാപ്പയുടെ തീരുമാനം. ബുവോസ് ഐറീസില്‍ ആര്‍ച്ച് ബിഷപ്പായിരുന്ന സമയത്തും മാര്‍പാപ്പ അവധിയെടുക്കാറില്ലായിരുന്നു. കത്തോലിക്ക സഭയിലെ ഏറ്റവും ജനപ്രിയനായ മാര്‍പാപ്പയായാണ് ഫ്രാന്‍സിസ് മാര്‍പാ‍പ്പ അറിയപ്പെടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :