ന്യൂഡല്‍ഹി|
JOYS JOY|
Last Modified ശനി, 27 ജൂണ്‍ 2015 (18:03 IST)
രാവിലെ എഴുന്നേറ്റ് പതിവുപോലെ ഫേസ്‌ബുക്ക് നോക്കിയപ്പോള്‍ ഫേസ്‌ബുക്കിന്റെ ഉടയോന്‍ മഴവില്‍ നിറത്തില്‍ മറഞ്ഞിരിക്കുന്നു. പ്രൊഫൈല്‍ പടത്തിനു മുകളില്‍ സെലിബ്രേറ്റ് പ്രൈഡ് എന്ന ആപ്പിന്റെ ലിങ്കും ഉണ്ട്. സംഭവം കൊള്ളാമല്ലോ എന്ന് കണ്ട് പലരും പ്രൊഫൈല്‍ പടം മഴവില്‍ നിറത്തില്‍ ഫില്‍ട്ടര്‍ ചെയ്തിട്ടു. പയ്യെപ്പയ്യെയാണ് ഫേസ്‌ബുക്കില്‍ ചിലര്‍ക്കൊക്കെ കാര്യം പിടി കിട്ടി തുടങ്ങിയത്.
സ്വവര്‍ഗാനുരാഗികളെ സപ്പോര്‍ട്ട് ചെയ്യുന്നതിന്റെ ഭാഗമായി ഫേസ്‌ബുക്ക് തലവന്‍ മാര്‍ക് സക്കര്‍ബര്‍ഗ് ചെയ്തതാണ് ഈ പണി. കഴിഞ്ഞ ദിവസം യു എസ് സുപ്രീംകോടതി സ്വവര്‍ഗവിവാഹത്തിന് അനുമതി നല്കി ഉത്തരവ് ഇറക്കിയിരിക്കുന്നു. ഇതിന്റെ തുടര്‍ച്ചെയെന്നോണമായിരുന്നു മഴവില്‍ നിറത്തില്‍ പ്രൊഫൈല്‍ പടം മറഞ്ഞിരിക്കുന്ന രീതിയില്‍ സക്കര്‍ബര്‍ഗ് ആപ്ലിക്കേഷന്‍ ക്രിയേറ്റ് ചെയ്തത്.
സെലിബ്രേറ്റ് പ്രൈഡ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മഴവില്‍ നിറത്തില്‍ ഫില്‍ട്ടര്‍ ചെയ്യപ്പെട്ട നിങ്ങളുടെ പ്രൊഫൈല്‍ പടം കാണാന്‍ സാധിക്കും. ഈ ചിത്രം പ്രൊഫൈല്‍ പടമായി ഉപയോഗിക്കുന്നതിനായുള്ള സന്ദേശത്തില്‍ ക്ലിക്ക് ചെയ്യുകയാണെങ്കില്‍ ചിത്രം പ്രൊഫൈല്‍ പടമായി മാറും. സ്വവര്‍ഗാനുരാഗികള്‍ക്കും സ്വവര്‍ഗാനുരാഗികളെ പിന്തുണയ്ക്കുന്നവരും ചിത്രം പ്രൊഫൈലില്‍ നിലനിര്‍ത്തിയപ്പോള്‍ അബദ്ധം പറ്റിയ ചിലര്‍ പ്രൊഫൈല്‍ പടം മാറ്റി.
എന്നാല്‍, പറ്റിയത് അബദ്ധമാണെന്നറിഞ്ഞ ചില മിടുക്കര്‍ എഡിറ്റ് ചെയ്ത് സ്വവര്‍ഗാനുരാഗത്തിന് പിന്തുണ അറിയിച്ചും മറ്റുമുള്ള കമന്റുകള്‍ കൂടി ചേര്‍ത്ത് തടിതപ്പി.