മോസ്കോ|
VISHNU N L|
Last Modified വ്യാഴം, 28 മെയ് 2015 (16:29 IST)
ഫിഫ ഉന്നത ഉദ്യോഗസ്ഥരെ കോഴക്കേസില്‍ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ റഷ്യ രംഗത്ത്. ഫിഫയുടെ കാര്യങ്ങളില്‍ യുഎസിന് ഇടപെടേണ്ട കാര്യമില്ല. അറസ്റ്റിലായവര്‍ യുഎസ് പൗരന്‍മാരല്ല എന്നും മറ്റു രാജ്യങ്ങളുടെ അധികാര പരിധിയില്‍ കടന്നുകയറുന്ന അമേരിക്കയുടെ സ്വഭാവത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ ആരോപിച്ചു.
ഫിഫയുടെ വൈസ് പ്രസിഡന്‍റ് ജെഫ്രി വെബ് അടക്കം പത്ത് ഉന്നത ഉദ്യോഗസ്ഥരാണ് കഴിഞ്ഞദിവസം സ്വിറ്റ്സര്‍ലന്‍ഡില്‍ അറസ്റ്റിലയത്. ഫിഫ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് നിലവിലെ പ്രസിഡന്‍റ് സെപ് ബ്ലാറ്ററുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന ഒൻപതോളം ഉദ്യോഗസ്ഥര്‍ കോഴക്കേസില്‍ അറസ്റ്റിലായത്. ലോകകപ്പുകള്‍ക്ക് ആതിഥേയത്വം അനുവദിച്ചതിലും രാജ്യാന്തര സൗഹൃദമല്‍സരങ്ങള്‍ സംഘടിപ്പിച്ചതിലും കോടികളുടെ അഴിമതി നടന്നതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
എന്നാല്‍ തങ്ങളുടെ പിന്തുണയുള്ള സെപ് ബ്ലാറ്റര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത് തടയുകയാണ് യുഎസിന്റെ ലക്ഷ്യമെന്നാണ് പുടിന്‍ ആരോപിക്കുന്നത്. അതേസമയം ഫിഫയിലെ ഉന്നതര്‍ കോഴവാങ്ങിയെന്ന കണ്ടെത്തല്‍ ഞെട്ടിച്ചുവെന്നും പുതിയ സാഹചര്യത്തില്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് ആറുമാസത്തേക്ക് നീട്ടിവയ്ക്കണമെന്നും യുവേഫ വക്താവ് ആവശ്യപ്പെട്ടു.