ദുബായിൽ ബസ് അപകടം; ആറ് മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചു

വിവിധ രാജ്യങ്ങളിലുള്ള 31 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.

Last Modified വെള്ളി, 7 ജൂണ്‍ 2019 (07:47 IST)
ദുബായിൽ ബസ് അപകടത്തിൽപ്പെട്ട് ആറ് മലയാളികളക്കം പതിനേഴ് മരിച്ചു. മരിച്ചവരിൽ നാല് മലയാളികളെ തിരിച്ചറിഞ്ഞു. മസ്‌കറ്റില്‍നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്‌. വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം നടന്നത്. അല്‍ റാഷിദിയ എക്‌സിറ്റിലെ സൈന്‍ ബോര്‍ഡില്‍ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. വിവിധ രാജ്യങ്ങളിലുള്ള 31 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.

തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, തൃശ്ശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീൻ, വാസുദേവൻ, തിലകൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ദുബായിലെ അറിയപ്പെടുന്ന സിപിഎം അനുകൂല സാമൂഹ്യപ്രവർത്തക സംഘടനാ നേതാവാണ് മരിച്ച ജമാലുദ്ദീൻ. അപകടത്തിൽ മരിച്ച മറ്റ് രണ്ട് മലയാളികളെ ഇനിയും തിരിച്ചറിയാനുണ്ട്. ആകെ പത്ത് ഇന്ത്യാക്കാരാണ് അപകടത്തിൽ മരിച്ചത്. ഇന്ത്യാക്കാർക്ക് പുറമേ ഒരു ഒമാൻ സ്വദേശി, ഒരു അയർലണ്ട് സ്വദേശി, രണ്ട് പാകിസ്ഥാൻ സ്വദേശികൾ എന്നിവരുടെ മൃതശരീരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയാനുള്ളത്. മരിച്ച ദീപക്കിന്‍റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യാക്കാർ ദുബായ് റാഷിദ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.

മരിച്ചവരുടെ മൃതദേഹങ്ങൾ റാഷിദ ആശുപത്രിയിൽ നിന്നും അൽപ്പസമയം മുമ്പ് പൊലീസ് മോർച്ചറിയിലേക്ക് മാറ്റി. പൊതു അവധി ദിവസമായ വെള്ളിയാഴ്ച അപകടം നടന്നതുകൊണ്ട് നടപടിക്രമങ്ങൾക്ക് ട്രാഫിക് കോർട്ടിന്‍റെ അനുമതികൂടി വേണം. ഈ സാഹചര്യത്തിൽ മൃതദേഹങ്ങൾ നാളെ മാത്രമേ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരാനാകൂ. എന്നാൽ എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്‍റെ നേതൃത്വത്തിൽ നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :