സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 6 ഏപ്രില്‍ 2026 (09:54 IST)
ടെഹ്‌റാനില്‍ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം യുഎസോ ഇസ്രയേലോ ഏറ്റെടുത്തിട്ടില്ല. നഗരത്തില്‍ പുലര്‍ച്ചെ ഉണ്ടായ വ്യോമാക്രമണത്തില്‍ പാര്‍പ്പിട സമുച്ചയം തകര്‍ന്നാണ് 13 പേര്‍ കൊല്ലപ്പെട്ടത്. ഹോര്‍മോസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി തുറന്നു കൊടുത്തില്ലെങ്കില്‍ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കു മേല്‍ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.
ആക്രമണസമയം ചൊവ്വാഴ്ച രാത്രി 8:00 ആയിരിക്കുമെന്നും ട്രംപ് പറഞ്ഞു. ഒരു സൈനിക നീക്കത്തിന്റെ സമയവും ദിവസവും മുന്‍കൂട്ടി പ്രഖ്യാപിക്കുന്നത് യുദ്ധ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം കഴിഞ്ഞ ദിവസത്തെ സൈനിക നടപടിയില്‍ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയതായി ഇറാന്‍. യുദ്ധത്തില്‍ ഇനി പഴയരീതിയല്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. ഇസ്ഫഹാനില്‍ അമേരിക്കന്‍ പൈലറ്റിനെ രക്ഷിക്കാനുള്ള നീക്കത്തിനിടയില്‍ സി130 ട്രാന്‍സ്‌പോര്‍ട്ട് വിമാനവും രണ്ട് ബ്ലാക്ക് ഫോക്ക് ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ നിരവധി യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായി ഇറാന്‍ അവകാശപ്പെട്ടു.
എം ക്യു ഒമ്പത് റിപ്പര്‍ ഡ്രോണുകള്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. അധിനിവേശക്കാര്‍ക്ക് മറുപടി നല്‍കാന്‍ തങ്ങള്‍ സജ്ജമാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ തങ്ങള്‍ ഭയപ്പെടില്ലെന്നും ഇറാന്‍ സൈനിക വക്താവ് വ്യകതമാക്കി.