എയര്‍ ഏഷ്യ; 30 മൃതദേഹങ്ങള്‍ കണ്ടെടുത്തു

ജക്കാര്‍ത്ത| vishnu| Last Modified ശനി, 3 ജനുവരി 2015 (08:24 IST)
ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ ജാവാ കടലില്‍ തകര്‍ന്ന് വീണ എയര്‍ ഏഷ്യ വിമാനത്തിലെ 30 യാത്രക്കാരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. വൈകാതെ മുഴുവന്‍ യാത്രക്കാരുടെയും മൃതദേഹങ്ങള്‍ കണ്ടെടുക്കാനാകുമെന്നാണ് കരുതുന്നതെന്ന് തിരച്ചില്‍ നടത്തുന്ന സംഘങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

വിമാനത്തിനായുള്ള തിരച്ചില്‍ കടലിനടിയിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. 100 അടിയോളം താഴ്ചയിലാണ് വിമാനമുള്ളത് എന്ന് കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സില്‍ നിന്നുള്ള സിഗ്നലുകള്‍ കണ്ടെത്താനായി ഫ്രഞ്ച്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ അന്വേഷണ സംഘങ്ങളും തെരച്ചിലില്‍ പങ്കാളികളാകും. വിമാനത്തിന്റെ പ്രധാനഭാഗമായ ഫ്യൂസ്‌ലാജും ബ്ലാക്ക് ബോക്സുകളും കണ്ടെത്തുക എന്നതാണ് സുപ്രധാനമെന്ന്
സുരക്ഷാ ഏജന്‍സി തലവന്‍ ബാംബങ് സോളിസ്റ്റിയോ പറഞ്ഞു.

കാലാവസ്ഥ ഭേദപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ ഹെലിക്കോപ്‌റ്ററുകളും കപ്പലുകളും തെരച്ചിലിനായി രംഗത്തെത്തിയിട്ടുണ്ട്.
29 കപ്പലുകളും 17 വിമാനങ്ങളുമാണ് വെള്ളിയാഴ്ച തെരച്ചിലിനായി ഇറങ്ങിയത്. ആകാശമാര്‍ഗമുള്ള തെരച്ചിലിനൊപ്പം വെള്ളത്തിനടയിലെ ശബ്ദ തരംഗങ്ങളെ തിരിച്ചറിയാനുപയോഗിക്കുന്ന സോണാര്‍ ഡിറ്റക്ടറുകളും ഉപയോഗിക്കും.

162 പേരുമായി ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോകുന്നതിനിടെ ഞായറാഴ്ചയാണ് എ 320-200 എന്ന വിമാനം കാണാതാവുന്നത്. 138 മുതിര്‍ന്നവരും 16 കുട്ടികളും ഒരു കൈക്കുഞ്ഞുമടക്കം 155 യാത്രക്കാരും, പൈലറ്റുമാരും ഉള്‍പ്പടെ ഏഴ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :