എയര്‍ ഏഷ്യ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ജക്കാര്‍ത്ത| VISHNU.NL| Last Modified ചൊവ്വ, 30 ഡിസം‌ബര്‍ 2014 (13:01 IST)
ജാവാ കടലില്‍ കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഇന്തോനീഷ്യ. അവശിഷ്ടങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. വിമാനത്തിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ ബര്‍ണിയോ ദ്വീപിന് സമീപം കടലില്‍ ഒഴുകി നടക്കുന്നതായാണ് കണ്ടെത്തിയത്.

വിമാനത്തിന്‍െറ വാതില്‍, അടിയന്തര ഘട്ടങ്ങളില്‍ വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിന് ഉപയോഗിക്കുന്ന എമര്‍ജന്‍സി സൈ്ളഡര്‍ എന്നിവയാണ് കണ്ടെത്തിയത്. വിമാനത്തിനായി തെരച്ചില്‍ നടത്തുന്ന സംഘമാണ് ഇക്കാര്യം അറിയിച്ചത്. വിമാനം കാണാതായി മൂന്നാം ദിവസവും തെരച്ചില്‍ തുടരുന്നതിനിടെയാണ് അവശിഷ്ടങ്ങള്‍ കണ്ടത്.
ഇന്നു രാവിലെ മുതല്‍ തിരച്ചില്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചിരുന്നു. വിമാനം ജാവാ കടലില്‍ മൂക്കു കുത്തി വീണിരിക്കാമെന്നാണ് ഇപ്പോഴത്തെ നിഗമനം.

ഇന്തൊനീഷ്യയിലെ സുരബായയില്‍നിന്നു സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ 162 പേരുമായാണ് QZ8501
എയര്‍ ഏഷ്യ വിമാനം കാണാതായത്. ദക്ഷിണ ചൈനാ കടലിനും ജാവാ കടലിനുമിടയിലെ ബെലിട്ടങ് ദ്വീപിനു തെക്കു-കിഴക്ക് 185 കിലോമീറ്റര്‍ അകലെ എത്തിയപ്പോഴാണു വിമാനത്തില്‍ നിന്നുള്ള അവസാന സന്ദേശം ലഭിച്ചത്.

ഞായറാഴ്ച പുലര്‍ച്ച മലേഷ്യന്‍ സമയം 5.20ന് (ഇന്ത്യന്‍ സമയം പുലര്‍ച്ച 3.50) സുരാബായ വിമാനത്താവളത്തില്‍ നിന്നാണ് എയര്‍ബസ് A320-200 വിമാനം പുറപ്പെട്ടത്. മോശം കാലാവസ്ഥ കാരണം നിശ്ചിത പാതയില്‍നിന്ന് മാറി സഞ്ചരിക്കാന്‍ അനുവാദം ചോദിച്ച് 6.13നാണ് വിമാനത്തില്‍നിന്ന് അവസാന സന്ദശേമത്തെിയിരുന്നു. 6.17ന് വിമാനവും എയര്‍ ട്രാഫിക് കണ്‍ട്രോളും തമ്മിലെ ബന്ധം നഷ്ടമായി.

ഇന്തൊനീഷ്യന്‍ ദ്വീപുകള്‍ക്കിടയിലെ ജാവാ കടല്‍ കേന്ദ്രീകരിച്ചു, മൂന്നു രാജ്യങ്ങളുടെ നേതൃത്വത്തിലാണു ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. രണ്ടു യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടെ 20 കപ്പലുകളും യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ ഏഴു വിമാനങ്ങളും ഒട്ടേറെ ബോട്ടുകളും ഹെലികോപ്റ്ററുകളും തിരച്ചിലില്‍ പങ്കെടുക്കുന്നു. 14 കപ്പലുകളും അഞ്ചു വിമാനങ്ങളും ഇന്തൊനീഷ്യയുടേതാണ്. മലേഷ്യ, സിംഗപ്പൂര്‍ എന്നിവയാണു തിരച്ചിലില്‍ പങ്കാളികളായ മറ്റു രാജ്യങ്ങള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :