ഹോളിവുഡ് നടി ലിന്‍ഡ്സെ ലോഹന് ഇപ്പോള്‍ ജയിലില്‍ നിന്ന് ഇറങ്ങാന്‍ നേരമില്ലെന്നായിട്ടുണ്ട്. ഒരു തടവ് ശിക്ഷയുടെ ചൂടാറും മുമ്പെ ലോഹന് അടുത്തത് ഒപ്പിച്ചെടുത്തിരിക്കും. ഇപ്പോഴിതാ, ഒരു മോഷണക്കേസില്‍ കുടുങ്ങിയ ലോഹന് ജയിലിലേക്ക് പോകാനൊരുങ്ങുകയാണ്.
മദ്യപിച്ച് വാഹനമോടിക്കല്‍, കൊക്കൈന്‍ കൈവശം വയ്ക്കല്‍, ലെസ്ബിയന്‍ വിവാദം എന്നിങ്ങനെ ലോഹന് പേരുദോഷം സമ്പാദിക്കാത്ത മേഖലകളൊന്നുമില്ല എങ്കിലും മോഷണക്കേസില്‍ കുടുങ്ങുന്നത് ഇതാദ്യമാണ്.
ഒരു നെക്ലേസ് മോഷ്ടിച്ച കേസിലാണ് ഹോളിവുഡിലെ ‘ചീത്തപ്പെണ്ണ്’ കുടുങ്ങിയിരിക്കുന്നത്. കേസില്‍, 90 ദിവസത്തെ തടവ് ശിക്ഷയാണ് അനുഭവിക്കേണ്ടിവരിക എന്ന് ലോസ് ഏഞ്ചലസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വെനീസിലെ ഒരു ജൂവലറിയില്‍ നിന്ന് ഏകദേശം 2,500 ഡോളര്‍ വിലമതിക്കുന്ന നെക്ലേസ് മോഷ്ടിച്ചു എന്നതാണ് കേസ്. ആരോപണം ലോഹന് നിഷേധിച്ചിരുന്നു. മദ്യപിച്ച് വാഹനമോടിച്ച കേസുകളില്‍ വിധിച്ച നല്ലനടപ്പ് പരസ്യമായി ലംഘിച്ച കേസില്‍ തടവ് ശിക്ഷ അനുഭവിച്ചതിന് തൊട്ടുപിന്നാലെയാണ് ലോഹന് മോഷണക്കേസിലും ജയിലില്‍ പോകേണ്ടി വരിക.