മലയാളസിനിമയുടെ അമ്മ ആറന്മുള പൊന്നമ്മ(96) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. മരിക്കുമ്പോള്‍ അടുത്ത ബന്ധുക്കള്‍ സമീപത്തുണ്ടായിരുന്നു.
ഭാഗ്യലക്ഷ്‌മി എന്ന നാടകത്തിലൂടെയാണ് ആറന്മുള പൊന്നമ്മ അഭിനയവേദിയിലെത്തിയത്. 2006ല്‍ മലയാളസിനിമയിലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരമായ ജെ സി ഡാനിയേല്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നടന്‍ സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ മുത്തശ്ശിയാണ് ആറന്മുള പൊന്നമ്മ.
1914 മാര്‍ച്ച് 22ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ മേലേടത്ത് കേശവപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും അഞ്ചുമക്കളില്‍ ഒരാളായിട്ടായിരുന്നു പൊന്നമ്മയുടെ ജനനം. കര്‍ണാടിക് സംഗീതം ചെറുപ്പത്തിലേ പഠിച്ച് തുടങ്ങിയ പൊന്നമ്മ തന്റെ പന്ത്രണ്ടാംവയസ്സില്‍ അരങ്ങേറ്റവും നടത്തി. ഹിന്ദു മഹാമണ്ഡല്‍ നടത്തിയിരുന്ന യോഗങ്ങളില്‍ പ്രാര്‍ത്ഥനാഗാനം പാടാറുണ്ടായിരുന്നു പൊന്നമ്മ.
പാലായിലെ ഒരു പ്രൈമറി വിദ്യാലയത്തില്‍ പൊന്നമ്മ തന്റെ പതിനാലാം വയസ്സില്‍ സംഗീതാധ്യാപികയായി നിയമിതയായി. പിന്നീട് സ്വാതിതിരുന്നാള്‍ മ്യൂസിക് അക്കാദമിയില്‍ സംഗീതത്തിലെ തുടര്‍പഠനത്തിനായി പൊന്നമ്മ ചേര്‍ന്നു. പഠനത്തിനുശേഷം പൊന്നമ്മ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളില്‍ സംഗീതാധ്യാപികയായി.
യേശുദാസിന്റെ അച്ഛനായ അഗസ്റ്റിന്‍ ജോസഫിന്റെ നായികയായി ഭാഗ്യലക്ഷ്മി എന്ന നാടകത്തില്‍ അഭിനയിച്ചുകൊണ്ടാണ് പൊന്നമ്മ അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. അന്ന് പൊന്നമ്മയ്ക്ക് 29 വയസ്സായിരുന്നു. തുടര്‍ന്ന് പൊന്നമ്മ നാടകങ്ങളില്‍ സജീവമായി. 1950ല്‍ പുറത്തിറങ്ങിയ ശശിധരന്‍ എന്ന ചലച്ചിത്രത്തില്‍ മിസ് കുമാരിയുടെ അമ്മയായി അഭിനയിച്ചുകൊണ്ട് പൊന്നമ്മ സിനിമകളിലേക്ക് കടന്നുവന്നു. 1997ല്‍ പുറത്തിറങ്ങിയ ജനാധിപത്യമാണ് അവസാനചിത്രം.
അറുപത് വര്‍ഷങ്ങളോളം അഭിനയരംഗത്ത് ഉണ്ടായിരുന്ന ആറന്മുള പൊന്നമ്മ മലയാളം സിനിമയിലെ ആദ്യതലമുറയിലെ നായകനായ തിക്കുറിശ്ശി സുകുമാരന്‍ നായര്‍, രണ്ടാമത്തെ തലമുറയിലെ നായകനായ പ്രേംനസീര്‍, സത്യന്‍ തുടങ്ങിയവരോടൊപ്പവും മൂന്നാം തലമുറയിലെ നായകന്മാരായ മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടെയുമെല്ലാം അമ്മയായി അഭിനയിച്ചു.
അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത കഥാപുരുഷന്‍ (1995) എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ആറന്മുള പൊന്നമ്മയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. 2006ല്‍ കേരള സര്‍ക്കാരിന്റെ ജെ സി ഡാനിയേല്‍ സ്മാരക പുരസ്കാരവും ആറന്മുള പൊന്നമ്മയെ തേടിയെത്തി.