കൊഡാക് തിയറ്ററിലെ ചുവപ്പ് പരവതാനിയില്‍ ആവേശം കൊടുമുടിയില്‍ എത്തിയപ്പോള്‍ ‘ദി കിംഗ്സ് സ്പീച്ച്’ താരമായി. മികച്ച ചിത്രവും മികച്ച സംവിധായകനും മികച്ച നടനും മികച്ച തിരക്കഥയും കിംഗ്സ് സ്പീച്ച് സ്വന്തം കൈയിലൊതുക്കി. എലിസബത്ത് രാജ്‌ഞിയുടെ പിതാവ് ജോര്‍ജ് ആറാമന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ദി കിംഗ്സ് സ്പീച്ച്.
ദി കിംഗ്സ് സ്പീച്ചിന്റെ സംവിധാനത്തിലൂടെ ടോം ഹൂപ്പര്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. കടുത്ത മത്സരത്തിനൊടുവില്‍ ബ്ലാക് സ്വാന്‍, ദി ഫൈറ്റര്‍, ഇന്‍സെപ്ഷന്‍, ദി കിഡ്സ് ആര്‍ ഓള്‍ റൈറ്റ്, 126 അവേഴ്സ്, ദി സോഷ്യല്‍ നെറ്റ്വര്‍ക്ക്, ടോയ് സ്റ്റോറി 3, ട്രു ഗ്രിറ്റ്, വിന്റേഴ്സ് ബോണ്‍ എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ദി കിംഗ്സ് സ്പീച്ച് മികച്ച ചിത്രമായത്.
തനിക്ക് കിട്ടിയ അവാര്‍ഡ് തന്റെ അമ്മയ്ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നെന്ന് ടോം ഹൂപ്പര്‍ പറഞ്ഞു. ഹിലാരി സ്വാങ്കും കാത്‌റിന്‍ ബിഗെലോയും ചേര്‍ന്നാണ് മികച്ച സംവിധായകനെ പ്രഖ്യാപിച്ചത്.
ദി കിംഗ്സ് സ്പീച്ചിലെ അഭിനയമികവിന് കോളിന്‍ ഫിര്‍തിനാണ് മികച്ച നടനുള്ള പുരസ്കാരം. ദ കിംഗ്സ് സ്പീച്ച് എന്ന ചിത്രത്തില്‍ ജോര്‍ജ്ജ് ആറാമന്‍ രാജാവിനെ അവതരിപ്പിച്ചതിനാണ് കോളിന്‍ ഫിര്‍തിന് മികച്ച നടനുള്ള അക്കാദമി അവാര്‍ഡ് ലഭിച്ചത്. നേരത്തെ ദ് കിംഗ്സ് സ്പീച്ചിന്റെ തിരക്കഥയ്ക്ക് ഡേവിഡ് സീല്‍ഡറിന്‍ മികച്ച തിരക്കഥ (ഒറിജിനല്‍)യ്ക്കുള്ള പുരസ്കാരം നേടിയിരുന്നു.