ഡിവില്ലിയേഴ്സിന്റെ മികച്ച സെഞ്ച്വറിയില്‍ ദക്ഷിണാഫ്രിക്ക വിജയം അനായാസമാക്കിയപ്പോള്‍ വെസ്റ്റ്ഇന്‍ഡീസ് തകര്‍ന്നടിഞ്ഞു. ആദ്യം ബാറ്റു ചെയ്ത വെസ്റ്റ്ഇന്‍ഡീസ് 47.3 ഓവറില്‍ 222 റണ്‍സ് ഉയര്‍ത്തിയപ്പോള്‍ ലക്‌ഷ്യസ്ഥാനത്തെത്താന്‍ 42.5 ഓവര്‍ മാത്രം മതിയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. 42.5 ഓവറില്‍ മൂന്നു വിക്കറ്റു മാത്രം നഷ്‌ടപ്പെടുത്തി ദക്ഷിണാഫ്രിക്ക 223 റണ്‍സെടുത്തു.
എ ബി ഡിവില്ലിയേഴ്സിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്നലത്തെ കളിയില്‍ ശ്രദ്ധേയമായത്. 105 പന്തില്‍ നിന്ന് 107 റണ്‍സ് ആണ് ഡിവില്ലിയേഴ്സ് സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തും ജെ പി ഡുമിനിയും മികച്ച പിന്തുണ കൂടി നല്കിയതോടെ ഡിവില്ലിയേഴ്സ് കളി തകര്‍ത്തു. ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തുടങ്ങിയ ആദ്യ മൂന്ന് ഓവറുകളില്‍ ഹാഷിം ആംല, ജാക് കാലിസ് എന്നിവര്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഉഗ്രന്‍ ക്യാച്ചുകളിലൂടെ പുറത്തായി. വെസ്റ്റ് ഇന്‍ഡീസ് ഭീഷണി ഉയര്‍ത്തുകയാണെന്ന് കരുതിയെങ്കിലും ഡിവില്ലിയേഴ്സ് ബാറ്റ് കൈയിലേന്തിയതോടെ വെസ്റ്റ് ഇന്‍ഡീസ് പ്രതീക്ഷകള്‍ തകര്‍ന്നടിയുകയായിരുന്നു.
ലോകകപ്പിലെ ആദ്യ മല്‍സരം കളിച്ച ദക്ഷിണാഫ്രിക്കയുടെ, പാക് വംശജനായ താരം ഇമ്രാന്‍ താഹിര്‍ 41 റണ്‍സിനു നാലു വിക്കറ്റെടുത്ത് തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. ഡെയ്‌ല് സ്റ്റെയ്ന്‍ മൂന്നും ബോത്തെ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മികച്ച ഓള്‍റൗണ്ട് പ്രടനമായിരുന്നു ദക്ഷിണാഫ്രിക്കയുടേത്. ഗ്രെയിം സ്മിത്ത് - ഡിവില്ലിയേഴ്സ് മൂന്നാം വിക്കറ്റ് സഖ്യം (119 റണ്‍സ്) ദക്ഷിണാഫ്രിക്കന്‍ പോരാട്ടം ശക്തമാക്കി. നൂറു റണ്‍സിനുള്ളില്‍ ഇരുവരെയും പുറത്താക്കാന്‍ വിന്‍ഡിസിന് ലഭിച്ച അവസരം സ്പിന്നര്‍ സുലൈമാന്‍ ബെന്‍ പാഴാക്കിയത് വിന്‍ഡീസിനു തിരിച്ചടിയായി.
സ്കോര്‍ രണ്ടിനു 44ല്‍ നില്‍ക്കുമ്പോള്‍, സ്മിത്തിനെ റണ്ണൗട്ടാക്കാനുള്ള സുവര്‍ണാവസരം ബെന്‍ നഷ്‌ടപ്പെടുത്തി. ദക്ഷിണാഫ്രിക്ക 84 ല്‍ നില്‍ക്കുമ്പോള്‍, ഡിവില്ലിയേഴ്സ് ഉയര്‍ത്തിയടിച്ച പന്ത് ബൗണ്ടറിയില്‍ നിന്ന് ഓടിയെത്തിയ ബെന്നിനു ക്യാച്ചാക്കാന്‍ പറ്റിയില്ല. സ്മിത്തിനെ കിരോണ്‍ പൊള്ളാര്‍ഡ് ബോള്‍ഡാക്കിയെങ്കിലും പിന്നീടു വന്ന ഡുമിനി ഡിവില്ലിയേഴ്സിനു മികച്ച പിന്തുണ നല്‍കുകയായിരുന്നു.