ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആള്‍ എന്ന ബഹുമതി സ്വന്തമാക്കിയ വാള്‍ട്ടര്‍ ബ്രൂണിംഗ് (114) എന്ന യുഎസ് പൌരന്‍ നിര്യാതനായി. മൊണ്ടാനയിലെ സ്റ്റാസിയ കിര്‍ബിയിലുള്ള ഗ്രേറ്റ്ഫാള്‍സ് ആശുപത്രിയില്‍ വച്ച് വ്യാഴാഴ്ചയായിരുന്നു അന്ത്യം.
ദിവസവും രണ്ട് നേരം മാത്രം ആഹാരം കഴിക്കുക എന്നതാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് ബ്രൂണിംഗ് 2009 - ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പകുതി വിശപ്പോടെ തീന്മേശ വിടുക എന്ന് പറഞ്ഞ ബ്രൂണിംഗ് കഴിഞ്ഞ 35 വര്‍ഷമായി ഈ രീതി പിന്തുടര്‍ന്നിരുന്നു.
യുഎസിലെ ഗ്രേറ്റ് നോര്‍ത്തേണ്‍ റയില്‍വെ ഉദ്യോഗസ്ഥനായിരുന്നു ബ്രൂണിംഗ്. 1896 സെപ്തംബര്‍ 21 ന് മിന്നെസോട്ടയിലെ മെല്‍റോസിലാണ് ഇദ്ദേഹം ജനിച്ചത്. 1918 - ല്‍ റയില്‍വെ ജോലിക്കായി ഗ്രേറ്റ് ഫാള്‍സിലേക്ക് താമസം മാറ്റി.
2011 - ലെ ഗിന്നസ് ബുക്ക് എഡിഷനിലാണ് ബ്രൂണിംഗിനെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആളായി വിശേഷിപ്പിക്കുന്നത്. നേരത്തെ ഈ ബഹുമതി ബ്രിട്ടണിലെ ഹെണ്‍റി അലിംഗാമിന് സ്വന്തമായിരുന്നു. 2009 ജൂലൈയില്‍ നൂറ്റിപ്പതിമൂന്നാം വയസ്സില്‍ അലിംഗാം മരിച്ചതോടെ ഈ ബഹുമതി ബ്രൂണിംഗിന് സ്വന്തമായി. ബ്രൂണിംഗ് മരിച്ചതോടെ ജപ്പാനിലെ ജിറോയിമന്‍ കിമുവാരയ്ക്ക് ആയിരിക്കും ലോകത്തിലെ ഏറ്റവും പ്രായംചെന്ന ആള്‍ എന്ന ബഹുമതി ലഭിക്കുക. കിമുവാരയ്ക്ക് ചൊവ്വാഴ്ച 114 വയസ്സ് തികഞ്ഞു.