ഒന്‍പതാം ക്ലാസ്സിലാണ് പഠനം. പക്ഷേ, ഒരു കമ്പനിയുടെ സി ഇ ഒ ആണ് സിന്ദുജ രാജരാമന്‍ എന്ന ചെന്നൈ സ്വദേശി. വെറും പതിനാല് വയസ്സുള്ള സിന്ദുജയ്ക്ക് സമപ്രായക്കാരായ കുട്ടികള്‍ ചെയ്യുന്നത് പോലെ ചാറ്റിംഗിലോ സുഹൃത്തുക്കളോടൊപ്പം കറങ്ങി നടക്കുന്നതിലോ അല്ല താല്പര്യം. ചെന്നൈയിലെ സെപ്പന്‍ ആനിമേഷന്‍ കമ്പനിയിലെ തന്നേക്കാള്‍ പ്രായം കൊണ്ട് വളരെ മുതിര്‍ന്ന ഉദ്യോഗസ്ഥ വൃന്ദത്തെ സധൈര്യം മുന്നോട്ട് നയിക്കുകയാണ് ഈ ടീനേജുകാരി.
സോഫ്റ്റ്വയര്‍ കമ്പനികളുടെ സംഘടനയായ നാസ്കോം ഹൈദരാബാദില്‍ ഗേമിംഗ് ആന്‍ഡ് ആനിമേഷന്‍ - 2010 സമ്മേളനത്തില്‍ ഏറ്റവും വേഗതയേറിയ 2ഡി, 3ഡി ആനിമേറ്റര്‍ക്കുള്ള പുരസ്കാരം കരസ്ഥമാക്കിയത് ഈ കൊച്ചു മിടുക്കിയാണ്. സോഫ്റ്റ്വെയര്‍ രൂപകല്‍പ്പനയിലെ ഭീമന്‍മാരായ കോറല്‍ സോഫ്റ്റ്വെയറിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് സിന്ദുജ.
പഠിത്തതില്‍ ഞാന്‍ ബോറടിച്ച് തുടങ്ങിയിരുന്നു. ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് ആനിമേഷന്‍ രംഗത്തേക്ക് തിരിയുന്നത് - സിന്ദുജ പറയുന്നു. കാര്‍ട്ടൂണിസ്റ്റായ പിതാവാണ് ഈ രംഗത്തേക്ക് കടന്നു വരാന്‍ എല്ലാ പ്രോത്സാഹനങ്ങളും നല്‍കിയത്.
പ്രൊഫഷനലായി ആനിമേഷന്‍ പഠിക്കുന്നതിന് മുന്‍പ് തന്നെ ഞാന്‍ ആനിമേഷന്‍ ചിത്രങ്ങള്‍ ചെയ്യുമായിരുന്നു. ആദ്യമായി ഒരു ആനിമേഷന്‍ ചിത്രം ചെയ്യുന്നത് ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു. മൃഗങ്ങളെ ദ്രോഹിക്കരുത് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു അത് - സിന്ദുജ ഓര്‍ത്തെടുക്കുന്നു.
കഴിഞ്ഞ മാസമാണ് സിന്ദുജ ഗിന്നസ് ബുക്ക് റെക്കോര്‍ഡ് ലക്‌ഷ്യം വച്ച് ഏറ്റവും വേഗത്തില്‍ ആനിമേഷന്‍ ചിത്രം തയ്യാറാക്കിയത്. 10-10-2010 എന്ന വിശേഷദിവസത്തെ അടിസ്ഥാനമാക്കിയായിരുന്നു അത്. എക്സ്നോറ എന്ന ചെന്നൈ ആസ്ഥാനമായുള്ള എന്‍ ജി ഒയ്ക്ക് വേണ്ടിയായിരുന്നു ചിത്രം. മൂന്ന് മിനിറ്റ് നീളുന്ന ആനിമേഷന്‍ ചിത്രം വെറും 10 മണിക്കൂറുകൊണ്ടാണ് ചെയ്ത് തീര്‍ത്തതെന്ന് സിന്ദുജ അഭിമാനപൂര്‍വ്വം പറയുന്നു.
ഫസ്റ്റ് പ്ലാനറ്റ് 10 ലക്ഷം മൂലധനത്തില്‍ സെപ്പന്‍ തുടങ്ങാന്‍ നിശ്ചയിച്ചതോടെയാണ് സിന്ദുജയുടെ ജീവിതം മറ്റൊരു വഴിക്ക് ചലിക്കാന്‍ തുടങ്ങുന്നത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇത്. വെറും 24 മണിക്കൂറാണ് സിന്ദുജയെ സി ഇ ഒ ആയി നിയമിക്കാന്‍ ഫസ്റ്റ് പ്ലാനറ്റ് എടുത്ത സമയം. ജോലി തുടങ്ങിയ സമയത്ത് സി ഇ ഒ എന്ന വാക്കിന്‍റെ അര്‍ത്‌ഥം പോലും എനിക്ക് അറിയില്ലായിരുന്നു - സിന്ദുജ പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ മൂന്നോളം തിളക്കമുള്ള പ്രോജക്‍ടുകളാണ് സിന്ദുജയുടെ നേതൃത്വത്തിലുള്ള കമ്പനി പൂര്‍ത്തിയാക്കി വരുന്നത്.
ചെന്നൈയിലെ ത്യാഗരാജ നഗറിനെക്കുറിച്ചുള്ള വെര്‍ച്വല്‍ സ്‌ട്രീറ്റ് പ്രോജക്ടാണ് അതില്‍ പ്രാധാനം. മാലിന്യ നിര്‍മാജന ബോധവല്‍ക്കരണം നടത്തുന്നതിനായി ഒരു എന്‍ ജി ഒയ്ക്കായാണ് തമിഴ്നാട്ടിലെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രത്തെക്കുറിച്ചുള്ള ഈ പ്രോജക്ട് സിന്ദുജയും സംഘവും തയ്യാറാക്കുന്നത്.