സ്വാതന്ത്ര്യ സമരം നമ്മുടെ സിനിമയും

വെബ്‌ദുനിയ, ഫീച്ചര്‍ ഡെസ്ക്ക്

Independence Day
WEBDUNIA|
PRO
PRO
സ്വാതന്ത്ര്യസമരവും ഇന്ത്യന്‍ സിനിമയും തമ്മില്‍ അഭേദ്യമായൊരു ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെയാണ് സ്വാതന്ത്ര്യദിനം അടുത്തുവരുമ്പോള്‍ എംടിയും ഹരിഹരനും മമ്മൂട്ടിയും ഒന്നിക്കുന്ന ‘പഴശ്ശിരാജ’ എന്ന ചിത്രവും മോഹന്‍ലാലും ജാക്കി ചാനും ഒന്നിക്കുന്ന സായര്‍ സാന്‍ എന്ന സിനിമയും എപ്പോള്‍ തീയേറ്ററുകളില്‍ എത്തും എന്ന് നാം ചോദിക്കുന്നത്. ചരിത്ര സിനിമകള്‍ക്ക് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ വലിയൊരു സ്ഥാനമുണ്ട്.

ബ്രിട്ടീഷ്‌ മേധാവിത്വത്തില്‍ നിന്ന്‌ ഇന്ത്യ സ്വതന്ത്രയായിട്ട്‌ അരനൂറ്റാണ്ടിലേറെയായി. ബ്രിട്ടീഷ്‌ ഭരണസമയത്തുണ്ടായിരുന്ന അരാജകത്വവും അഴിമതിയും അക്രമവാസനകളും നിറഞ്ഞൊഴുകിയ ഒട്ടേറെ പത്രമാധ്യമങ്ങള്‍ അക്കാലത്ത്‌ ഉണ്ടായിരുന്നെങ്കിലും ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം വിരളമായിരുന്നു.

എങ്കിലും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിനുശേഷം ശക്തിയാര്‍ജ്ജിച്ച ദൃശ്യമാധ്യമങ്ങള്‍ ബ്രിട്ടീഷ്‌ മേധാവിത്വം ഇന്ത്യയില്‍ വരുത്തിത്തീര്‍ത്ത വിനകളെ വിമര്‍ശിക്കാന്‍ ശ്രമിച്ചിരുന്നു.

ഇന്നത്തെപ്പോലെ ടെലിവിഷന്‍ ജനകീയമായ ഒരു കാലഘട്ടമല്ല അതെന്നോര്‍ക്കുക. ആ കാലത്ത്‌ ബ്ലാക്‌ ആന്റ്‌ വൈറ്റ്‌ ചിത്രങ്ങളായിരുന്നു കൂടുതലും. ടെലിവിഷന്‍ വാര്‍ത്തകളോ ഹ്രസ്വ ചിത്രങ്ങളോ കുറവായിരുന്ന ആ കാലത്ത്‌ ഇന്ത്യയ്ക്ക്‌ വേണ്ടി സംസാരിക്കാന്‍ സിനിമകളേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്‌ സത്യം.

സ്വാതന്ത്ര്യസമര ത്യാഗങ്ങളെയും ബ്രീട്ടീഷ്‌ മേധാവിത്വത്തിന്റെ പൊള്ളത്തരങ്ങളെയും അപഗ്രഥിക്കാനുള്ള സിനിമകള്‍ നമുക്ക്‌ പൊതുവെ കുറവായിരുന്നു. പുരാണേതിഹാസങ്ങളും ചരിത്രപുരുഷന്മാരുടെ അപദാനങ്ങളും വടക്കന്‍ പാട്ടിലെ വീരകഥകളും അടങ്ങിയ സിനിമകളില്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധമില്ലെങ്കിലും അവയിലൊക്കെ അടങ്ങിയ സ്വാതന്ത്ര്യവാഞ്ച പ്രേക്ഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌

സ്വാതന്ത്ര്യ സമരത്തെയും സത്യാഗ്രഹങ്ങളെയും കുറിച്ചുള്ള ഫിലിംസ്‌ ഡിവിഷന്റെ നിരവധി ഡോക്യുമെന്ററി ചിത്രങ്ങള്‍ അക്കാലത്തെ സ്വാതന്ത്ര്യസമരസേനാനികള്‍ക്കും ദേശസ്നേഹികള്‍ക്കും ആവേശം പകര്‍ന്നതോടൊപ്പം 'ഭാരതീയര്‍' എന്ന അഭിമാനം നിലനിര്‍ത്താന്‍ വഴിയൊരുക്കുക കൂടി ചെയ്‌തു.

ബ്രീട്ടിഷ്‌ മേധാവിത്വത്തെക്കുറിച്ചും സ്വാതന്ത്ര്യസമരത്തെക്കുറിച്ചുമൊക്കെ എണ്ണിപ്പറയാന്‍ പറ്റാത്തത്രയൊന്നുമധികം ചിത്രങ്ങള്‍ മലയാളത്തിലുണ്ടായിട്ടില്ല. ഇതില്‍ 1951- ല്‍ വി കൃഷ്ണന്‍ സംവിധാനം ചെയ്‌ത 'കേരളകേസരി' ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു. 'ദേശഭക്തന്‍' എന്ന ഒരു മൊഴിമാറ്റചിത്രവും ഇതേ വര്‍ഷം തന്നെ കേരളത്തില്‍ പ്രദര്‍ശിപ്പിച്ചു.

1955 ലാണ്‌ ആന്റണി മിത്രദാസിന്റെ 'ഹരിശ്ചന്ദ്രന്‍' എന്ന ചിത്രം റിലീസായത്‌. ഈ ചിത്രം സ്വാതന്ത്രസമര പ്രമേയമല്ല കൈകാര്യം ചെയ്‌തതെങ്കിലും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും സത്യസന്ധതയുടെയും ഉപകഥ കൂടി ഈ ചിത്രത്തിലുണ്ടായിരുന്നു.

ഇതേ വികാരം ഉള്‍ക്കൊണ്ട മറ്റൊരു ചിത്രമായിരുന്നു 1962 ല്‍ പി. ഭാസ്കരന്‍ സംവിധാനം ചെയ്‌ത 'ലൈലാമജ്‌നു'. പ്രേമത്തിന്റെ സ്വാതന്ത്ര്യമാണ്‌ ഈ ചിത്രം അനാവരണം ചെയ്‌തത്‌.

1962 -ല്‍ എസ്‌. എസ്‌. രാജനും ജി. വിശ്വനാഥനും ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത 'വേലുത്തമ്പി ദളവ'യും 1964 ല്‍ കുഞ്ചാക്കോ - സംവിധാനം ചെയ്‌ത 'കുഞ്ഞാലി മരയ്ക്കാറും 1988 ല്‍ ബക്കര്‍ സംവിധാനം ചെയ്‌ത 'ശ്രീനാരായണ ഗുരു'വും ചരിത്രപുരുഷന്മാരുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞതോടൊപ്പം തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ കഥ കൂടി പറഞ്ഞിരുന്നു.

ശ്രീനാരായണ ഗുരുവിന്റെ ജീവിതകഥ ‘യുഗപുരുഷന്‍’ എന്ന പേരില്‍ അണിയറയില്‍ സിനിമയാവുന്നുണ്ട്. മമ്മൂട്ടിയടക്കമുള്ള വന്‍ താരനിര പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിലും സ്വാതന്ത്ര്യസമരം പ്രധാന പ്രമേയമാണ്.

1986 -ല്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്‌ത 'മീനമാസത്തിലെ സൂര്യന്‍' സ്വാതന്ത്ര്യസമരകാലത്ത്‌ കയ്യൂരില്‍ നടന്നിരുന്ന സംഭവത്തിലേക്കായിരുന്നു വിരല്‍ ചൂണ്ടുന്നത്‌. 1988 -ല്‍ ഐ.വി. ശശി സംവിധാനം ചെയ്‌ത '1921' എന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ പുനരാഖ്യാനമായിരുന്നു. മലബാര്‍ ലഹളയായിരുന്നു 1921 ന്റെ പ്രമേയം.

എന്നാല്‍, 1996ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത 'കാലാപാനി' എന്ന ചിത്രം പറഞ്ഞത്‌, പോര്‍ട്ട്‌ ബ്ലയര്‍ ജയിലില്‍ ബ്രിട്ടീഷുകാരുടെ തടവുപുള്ളികളായി കഴിയാന്‍ വിധിക്കപ്പെട്ട ഭാരതീയരുടെ കഥയായിരുന്നു. തികച്ചും വസ്തുനിഷ്ഠവും ചരിത്രപരവുമാകേണ്ട ഈ ചിത്രത്തെ പക്ഷെ ,കച്ചവട സാധ്യതകള്‍ക്കുവേണ്ടി സംവിധായകന്‍ ബലികഴിക്കുകയായിരുന്നു.

അനാവശ്യമായ ഗാനരംഗങ്ങളും സംഘട്ടനങ്ങളും ബ്രിട്ടിഷുകാരോടുള്ള അമിതാശ്രയത്വത്തില്‍ നിന്നുടലെടുക്കുന്ന ഭാരതീയന്റെ 'സെന്റിമെന്‍സും' കൊണ്ട്‌ ഒരു ചരിത്ര സിനിമാവിഭാഗത്തില്‍ നിന്നും 'കാലാപാനി' അകന്നുനിന്നു.

ഇതിന് പരിഹാരമെന്നോണമായിരിക്കണം പ്രിയന്‍, സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ നടന്ന ഒരു കരളലിയിക്കും കഥ ‘കാഞ്ചീവരം’ എന്ന പേരില്‍ തമിഴ് സിനിമയാക്കിയത്.

അടുത്ത പേജില്‍ വായിക്കുക, ‘രക്തസാക്ഷികള്‍ സിന്ദാബാദും ഇലവങ്കോട് ദേശവും’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :