രാജന്‍ പി ദേവിന്‍റെ സംസ്കാരം ഇന്ന്

കൊച്ചി| WEBDUNIA|
ഇന്നലെ അന്തരിച്ച പ്രശസ്ത നടന്‍ രാജന്‍ പി ദേവിന്‍റെ സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് അങ്കമാലി കറുകുറ്റി സെന്‍റ് സേവ്യേഴ്‌സ് പള്ളിയില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക. എറണാകുളം ടൌണ്‍ ഹാളിലും ജന്‍‌മനാടായ ചേര്‍ത്തലയിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹം ഇന്നലെ രാത്രി കറുകുറ്റിയിലെ വീട്ടിലെത്തിച്ചു.

ദീര്‍ഘകാലമായി കരള്‍ രോഗത്തിനു ചികിത്സയിലായിരുന്ന അദ്ദേഹത്തെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലേയും നിരവധി പേര്‍ രാജന്‍ പി ദേവിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കറുകുറ്റിയിലെ വസതിയിലെത്തുന്നുണ്ട്.

നാടക വേദിയില്‍ നിന്നാണ് രാജന്‍ പി ദേവ് സിനിമാ ലോകത്തെത്തുന്നത്. നാടക നടന്‍, സിനിമാ നടന്‍ എന്നീ മേഖലകളില്‍ പ്രതിഭ തെളിയിച്ച രാജന്‍ പി ദേവ് സംവിധാനരംഗത്തും തന്‍റെ സാന്നിധ്യമറിയിച്ചു. ഫാസിലിന്‍റെ എന്‍റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെയാണ് രാജന്‍ പി ദേവ് മലയാള സിനിമാലോകത്തിലെത്തുന്നത്. ഇന്ദ്രജാലത്തിലെ കാര്‍ലോസ് എന്ന കഥാപാത്രത്തിലൂടെ ചലച്ചിത്രലോകത്ത് തന്‍റേതായ ഇരിപ്പിടം അദ്ദേഹം സ്വന്തമാക്കി.

വില്ലനായും, പ്രതിനായകനായും, ഹാസ്യനടനായും സിനിമാ ലോകത്തില്‍ വേഷങ്ങള്‍ മാറി മാറി അഭിനയിച്ച അദ്ദേഹം ജീവിതത്തില്‍ സ്വന്തമായൊരു വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നതിലും വിജയിച്ചു.മലയാളത്തെ കൂടാതെ, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി 615-ഓളം സിനിമകളില്‍ രാജന്‍ പി ദേവ് അഭിനയിച്ചു. സോമസൂര്യയുടെ കാട്ടുകുതിര എന്ന നാടകമാണ് രാജന്‍ പിയുടെ അഭിനയ ജീവിതത്തിന് വഴിത്തിരിവായത്. ഈ പട്ടണത്തില്‍ ഭൂതമാണ് മലയാളത്തില്‍ അദ്ദേഹം അവസാനമയി അഭിനയിച്ച സിനിമ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :