ജനം തടഞ്ഞു, മമ്മൂട്ടി ഇടഞ്ഞു!

PROPRO
രഞ്ജിത് സംവിധാനം ചെയ്യുന്ന ‘പാ‍ലേരി മാണിക്യം കൊലക്കേസ്’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ മൂത്ത് നാട്ടുകാര്‍ മമ്മൂട്ടിയെ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. മലപ്പുറം, കോഴിക്കോട്‌ ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ തൃക്കളയൂരില്‍ കാറിലെത്തിയ മമ്മൂട്ടിയെ ജനങ്ങള്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ആരാധകരുടെ തിരക്ക് നിയന്ത്രിക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും പൊലീസിനും പെടാപ്പാട് പെടേണ്ടി വന്നു.

തൃക്കളയൂരിലെ ഒരു കുന്നിന്‍ മുകളിലാണ് സിനിമയുടെ ചിത്രീകരണം നടക്കേണ്ടിയിരുന്നത്. മമ്മൂട്ടി ഇവിടെയെത്തും എന്നറിഞ്ഞ് പരിസര പ്രദേശങ്ങളില്‍ നിന്നുള്ള ആബാലവൃദ്ധം ജനങ്ങളും കാലത്തുതൊട്ടേ ഷൂട്ടിംഗ് ലൊക്കേഷന്റെ പരിസരങ്ങളില്‍ നിലയുറപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ കാറ്‌ കണ്ടപ്പോഴേ ‘മമ്മുക്കയെത്തി’ എന്നാര്‍ത്തുവിളിച്ചുകൊണ്ട് ആരാധകര്‍ കാറിനടുത്തേക്ക് പാഞ്ഞുചെന്നു.

സിനിമയുടെ അണിയറ പ്രവര്‍ത്തകരും പൊലീസും ആരാധകരോട് വഴിമാറാന്‍ പറഞ്ഞെങ്കിലും ജനങ്ങള്‍ വകവയ്ക്കുകയുണ്ടായില്ല. സൂപ്പര്‍ താരത്തെ ഒരുനോക്കു കാണാന്‍ അനുവദിച്ചേ തീരൂ എന്നായിരുന്നു അവര്‍ അലറിവിളിച്ചത്. ആരാധകരുടെ ആരാധന മൂത്തതും മമ്മൂട്ടിയുടെ മുഖത്ത് രക്തം ഇരച്ചുകയറി. ആരാധകരാണെങ്കിലും ഷൂട്ടിംഗ് തടയുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ അല്‍‌പം ദ്വേഷ്യമണിഞ്ഞ മുഖത്തോടെ മമ്മൂട്ടി കാറില്‍ നിന്നിറങ്ങി.

മമ്മൂട്ടി കാറില്‍ നിന്നിറങ്ങിയതും ആരാധകരുടെ പ്രകടനം അതിരുകടന്നു. മമ്മൂട്ടിയെ തൊടാനായുകയും കയ്യുയര്‍ത്തിക്കാണിക്കുകയും ആര്‍ത്തുവിളിക്കുകയും ചെയ്തുകൊണ്ട് ആരാധകര്‍ അവരുടെ ആരാധന പ്രകടിപ്പിച്ചു. എന്തായാലും ആരാധകരെ വേണ്ട രീതിയില്‍ പൊലീസ് ‘കൈകാര്യം’ ചെയ്തതോടെ സ്ഥിതിഗതി ശാന്തമായി. ഷൂട്ടിംഗ് നടക്കുകയും ചെയ്തു.

WEBDUNIA|
ടി പി രാജീവിന്റെ ‘പാലേരി മാണിക്യം, ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ’ എന്ന നോവലാണ് ഈ സിനിമയ്ക്ക് അടിസ്ഥാനം. മുപ്പതോളം പുതുമുഖങ്ങള്‍ പ്രധാന റോളില്‍ ചിത്രത്തിലഭിനയിക്കുന്നു. റീമാ കല്ലുംഗല്‍, ഗൌരി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ശ്രീനിവാസന്‍, വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍, സിദ്ധിഖ് തുടങ്ങിയവരും പ്രധാനവേഷത്തിലഭിനയിക്കുന്നു. എ വി എ പ്രൊഡക്ഷന്‍സിന്റെയും വര്‍ണ്ണചിത്ര ബിഗ് സ്ക്രീനിന്റെയും ബാനറില്‍ എ വി അനൂപും സുബൈറുമാണ് പാലേരി മാണിക്യം നിര്‍മ്മിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :