പനിയെയും വരള്‍ച്ചയെയും നേരിടണം: രാഷ്ട്രപതി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 14 ഓഗസ്റ്റ് 2009 (20:13 IST)
PRO
PRO
ഇപ്പോള്‍ രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി എച്ച് 1 എന്‍ 1 പനിയും വരള്‍ച്ചയുമാണെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. വരള്‍ച്ചയെയും എച്ച് 1 എന്‍ 1 പനിയെയും നേരിടാന്‍ രാജ്യം നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇതിനായി ജനങ്ങളുടെ പിന്തുണയും വേണമെന്ന് രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.

കാലവര്‍ഷം കുറഞ്ഞതിനാല്‍ രാജ്യം പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. വരള്‍ച്ച നേരിടാന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നുണ്ട്. രാഷ്ട്രീയ വനിതാ ശാക്തീകരണ പദ്ധതിയിലൂടെ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാവും.

ജനക്ഷേമ പദ്ധതികള്‍ കഴിയുന്നത്ര മികച്ചരീതിയില്‍ നടപ്പാക്കണം. ആരോഗ്യം മുതല്‍ വിദ്യാഭ്യാസം വരെയും തൊഴിലവസരങ്ങള്‍ മുതല്‍ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നത് വരെയും വ്യാപിച്ചു കിടക്കുന്ന ബൃഹത്തായ പദ്ധതികളാണ് സര്‍ക്കാരിനുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ സേവകരാവണം. അഴിമതിക്കെതിരെ ജാഗ്രത പാലിക്കണം എന്നും രാഷ്ട്രപതിയുടെ സന്ദേശത്തില്‍ പറയുന്നു.

സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തും സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടു പോകുന്നതില്‍ ഇന്ത്യ വിജയിച്ചു. സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടു പോവാന്‍ നമുക്ക് വലിയൊരു വിപണിയാണ് ഉള്ളത്. ഇതുകൂടാതെ വളര്‍ച്ചയുടെ പുതിയ മേഖലകളും നാം കണ്ടെത്തേണ്ടതുണ്ട്.

എല്ലാ മതവിഭാഗങ്ങളും സൌഹാര്‍ദ്ദത്തോടെ കഴിയുന്നതാണ് ഇന്ത്യന്‍ സംസ്കാരം. അതേസമയം, ഭീകരത മതസൌഹാര്‍ദ്ദത്തെയും സമാധാനത്തെയും തകര്‍ക്കുന്നു. ഭീ‍കരതയ്ക്ക് ഒരു മതത്തിന്റെയോ വിശ്വാസത്തിന്റെയോ പിന്‍‌ബലമില്ല എന്നും ഭീകരതയെ നാം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണം എന്നും രാഷ്ട്രപതി തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :