സംയുക്ത പ്രസ്താവന: എന്‍‌ഡി‌എ രാഷ്ട്രപതിയെ കാണും

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 27 ജൂലൈ 2009 (19:08 IST)
ഇന്തോ-പാക് സംയുക്ത പ്രസ്താവനയ്ക്കെതിരെയുള്ള പ്രതിഷേധത്തിന് ആക്കം കൂട്ടുന്നതിന്റെ ഭാഗമായി എന്‍ഡി‌എ എം‌പിമാര്‍ ചൊവ്വാഴ്ച രാഷ്ട്രപതിക്ക് മെമ്മോറാണ്ടം സമര്‍പ്പിക്കും.

എല്ലാ എന്‍‌ഡി‌എ എം‌പിമാരും റയ്സിന ഹില്ലില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് പ്രകടനമായി ചെന്ന് മെമ്മോറാണ്ടം സമര്‍പ്പിക്കാനാണ് തീരുമാനമെന്ന് ലോക്സഭയിലെ ബിജെപി ഉപനേതാവ് സുഷമ സ്വരാജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്തോ-പാക് സംയുക്ത പ്രസ്താവന, അമേരിക്കയുമായുള്ള ‘എന്‍ഡ് യൂസര്‍” കരാര്‍, ജി-8 ന്റെ യുറേനിയം സമ്പുഷ്ടീകരണ പ്രമേയം, കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള കരാര്‍ തുടങ്ങിയ വിവാദ വിഷയങ്ങളില്‍ രാഷ്ട്രപതിയുടെ ശ്രദ്ധ ക്ഷണിക്കാനാണ് മെമ്മോറാണ്ടം സമര്‍പ്പിക്കുന്നത്.

പാര്‍ലമെന്റില്‍ ഇന്തോ-പാക് സംയുക്ത പ്രസ്താവനയെ കുറിച്ചുള്ള ചര്‍ച്ച തുടങ്ങുന്നതിനു മുമ്പ് തന്നെ രാഷ്ട്രപതിക്ക് മെമ്മോറാണ്ടം കൈമാറാനാണ് തീരുമാനമെന്ന് സുഷമ വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ എന്‍ഡി‌എ കക്ഷികളെല്ലാം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :