രാഷ്ട്രപതിക്ക് പരാതിനല്‍കാം ഓണ്‍‌ലൈനില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 27 ജൂലൈ 2009 (09:02 IST)
പൊതുജനങ്ങളുമായുള്ള അകലം കുറയ്ക്കാനുള്ള രാഷ്ട്രപതി ഭവന്റെ ശ്രമം വിജയിക്കുന്നു. പൊതുജനങ്ങള്‍ക്കായി രാഷ്ട്രപതി ഭവന്‍ തുടങ്ങിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വന്‍ വിജയമെന്ന് അധികൃതര്‍.

ദിവസേന ശരാശരി നാനൂറ് മെയിലുകളാണ് രാഷ്ട്രപതി ഭവന്‍ വെള്ളിയാഴ്ച തുടങ്ങിയ “ഹെല്‍‌പ്-ലൈന്‍ ഡോട്ട് ആര്‍ബി ഡോട്ട് എന്‍‌ഐസി ഡോട്ട് ഇന്‍ (help-line.rb.nic.in) എന്ന ഹെല്‍‌പ്‌ലൈന്‍ പോര്‍ട്ടലിലൂടെ ലഭിക്കുന്നത്. അപേക്ഷകളും വളരെക്കാലമായി പരിഗണന ലഭിക്കാത്ത പരാതികളും ഈ പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാം.

രാഷ്ട്രപതി ഭവന്റെ പോര്‍ട്ടലിലൂടെ സമര്‍പ്പിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ കൈമാറുമെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നത്. പൊതു ജനങ്ങള്‍ക്ക് തങ്ങള്‍ സമര്‍പ്പിച്ച പരാതിയില്‍ എന്ത് നടപടി എടുത്തു എന്ന് അറിയാനുള്ള സംവിധാനവും പോര്‍ട്ടലില്‍ ഒരുക്കിയിരിക്കുന്നു.

പോര്‍ട്ടലിലൂടെ പരാതി നല്‍കുന്നവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. ഇത് പരാതിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നിലപാടുകളെ കുറിച്ച് പരാതിക്കാര്‍ക്ക് വിവരം ലഭിക്കാന്‍ സഹായകമാവും.

രാഷ്ട്രപതി ഭവനിലേക്കുള്ള എഴുപത് ശതമാനത്തോളം പരാതികളും അപേക്ഷകളും സാ‍ധാരണ തപാലിലാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇത് കൈകാര്യം ചെയ്യുന്നതിലും ഭാവി ഉപയോഗത്തിനായി സൂക്ഷിക്കുന്നത് വിഷമകരമായതിനാലുമാണ് ഓണ്‍‌ലൈന്‍ രീതി പരീക്ഷിക്കാനുള്ള കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :