രേണുക വേണു|
Last Modified വ്യാഴം, 12 ജനുവരി 2023 (09:53 IST)
പ്രാതല്‍ അഥവാ പ്രഭാതഭക്ഷണം ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. എത്ര തിരക്കുണ്ടെങ്കിലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. രാത്രി മുഴുവന്‍ ഒഴിഞ്ഞ വയറിനും ശരീരത്തിനും പോഷകങ്ങളും ഗ്ലുക്കോസും നല്‍കുന്നത് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന അന്നജത്തില്‍ നിന്നാണ്. അതുകൊണ്ടു തന്നെ, പ്രഭാതഭക്ഷണം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. പ്രാതല്‍ നന്നായി കഴിക്കുന്ന ഒരാളുടെ ശരീരവും മനസ്സും ഊര്‍ജ്ജസ്വലവും ഉണര്‍വ്വുള്ളതും ആയിരിക്കും.
പ്രഭാത ഭക്ഷണമായി പുട്ട് കഴിക്കാന്‍ ഇഷ്ടമുള്ളവരാണ് പൊതുവെ മലയാളികള്‍. നല്ല ചൂടേറിയ പുട്ടും അതിനൊപ്പം കടലക്കറിയും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എന്നാല്‍, മലയാളികള്‍ക്കിടയില്‍ ഏറെ സജീവമായ പുട്ടും പഴവും കോംബിനേഷന്‍ അത്ര നല്ലതല്ല. പുട്ടിനൊപ്പം പഴം കഴിക്കരുതെന്നാണ് വിദഗ്ധര്‍ അടക്കം ചൂണ്ടിക്കാട്ടുന്നത്. പുട്ട്-പഴം കോംബിനേഷന്‍ വയറിന് അത്ര നല്ലതല്ലത്രെ ! അതുകൊണ്ട് പുട്ടിനൊപ്പം കടലക്കറിയോ ചെറുപയര്‍ കറിയോ കഴിക്കാന്‍ ശ്രദ്ധിക്കണം. പുട്ടും പഴവും ചേര്‍ത്തുകഴിച്ചാല്‍ അത് ദഹനപ്രക്രിയയെ പോലും സാരമായി ബാധിച്ചെന്ന് വരാം. നെഞ്ച് നീറാനും കാരണമാകും.
അതേസമയം, പ്രാതലിന് ഏറ്റവും ഉത്തമമായ ഭക്ഷണമാണ് പുട്ടും കടലയും. ഇത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്. ഇവ രണ്ടും ചേരുമ്പോള്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, വൈറ്റമിനുകള്‍, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയ പല ഘടകങ്ങളും ലഭിക്കുന്നു.
പുട്ടിനു മാത്രമായും കടലയ്ക്കായും പല ആരോഗ്യ ഗുണങ്ങളുമുണ്ട്. ആവിയില്‍ വേവിച്ചെടുക്കുന്ന ഭക്ഷണമായതു കൊണ്ടു ആരോഗ്യ ഗുണത്തിന്റെ കാര്യത്തിലും കേമനാണ് പുട്ട്. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവയടങ്ങിയ പുട്ട് ഒരു ദിവസം മുഴുവന്‍ ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്.
പ്രോട്ടീന്‍ ഉള്‍പ്പെട്ട ഭക്ഷണമായതുകൊണ്ടുതന്നെ മസിലുകളുടെ ആരോഗ്യത്തിന് ഉത്തമമാണിവ. ഒപ്പം രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിച്ചു നിര്‍ത്താനും ഇത് ബെസ്റ്റാണ്. കടലയില്‍ ധാരാളം നാരുകള്‍ ഉണ്ട്, അതുകൊണ്ടുതന്നെ ഇത് ദഹനത്തിനും സഹായിക്കും.