നെല്‍വിന്‍ വില്‍സണ്‍|
Last Modified ബുധന്‍, 2 ജൂണ്‍ 2021 (11:13 IST)
സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ഭക്ഷ്യോത്പന്ന കമ്പനിയായ നെസ്ലയുടെ 60 ശതമാനത്തിലധികം ഉത്പന്നങ്ങളും അനാരോഗ്യകരമെന്ന് റിപ്പോര്‍ട്ട്. നെസ്ല കമ്പനിയുടെ ആന്തരിക രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തങ്ങളുടെ ഉത്പന്നങ്ങള്‍ ആരോഗ്യത്തിനു അത്ര ഗുണകരമല്ലെന്ന് കമ്പനി തന്നെ സമ്മതിക്കുകയാണ്.
കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വലിയ പ്രചാരമുള്ള മാഗി നൂഡില്‍സ്, കിറ്റ്കാറ്റ് ചോക്ലേറ്റ്, നെസ്‌കാഫെ തുടങ്ങിയ നെസ്ല ഉത്പാദിപ്പിക്കുന്ന ഭക്ഷണപാനീയങ്ങള്‍ ആരോഗ്യത്തിന്റെ അംഗീകൃത നിര്‍വചനം പാലിക്കുന്നില്ലെന്നും എത്ര നവീകരിച്ചാലും തങ്ങളുടെ ചില ഭക്ഷ്യോത്പന്നങ്ങള്‍ ഒരിക്കലും ആരോഗ്യകരമായിരിക്കില്ലെന്നും കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ പഞ്ചസാരയും സോഡിയവും 14 മുതല്‍ 15 ശതമാനം വരെ കുറച്ചിട്ടുണ്ട്. തങ്ങളുടെ ഉത്പന്നങ്ങള്‍ ആരോഗ്യകരമാക്കുന്നത് വരെ ഇത് തുടരുമെന്ന് കമ്പനി പറയുന്നു. യുകെ ബിസിനസ് ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നെസ്ലയുടെ ഉത്പന്നങ്ങള്‍ക്ക് ഓസ്ട്രേലിയയുടെ ഹെല്‍ത്ത് സ്റ്റാര്‍ റേറ്റിങ് സിസ്റ്റത്തില്‍ 3.5 ശതമാനം മാത്രമാണുള്ളത്.