2023ല്‍ കേരളത്തെ അലട്ടിയ അഞ്ച് രോഗങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Updated: തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (13:49 IST)
കൊവിഡ്

ഈവര്‍ഷം ലോകത്തിലെ എല്ലായിടത്തുമെന്നതുപോലെ കേരളത്തേയും പ്രധാനമായി അലട്ടിയത് കൊറോണ തന്നെയാണ്. 2020ല്‍ ഇന്ത്യയില്‍ ആധിപത്യം ഉറപ്പിച്ച കൊവിഡ് ഈവര്‍ഷം തുടക്കത്തില്‍ പിന്‍വാങ്ങിയിരുന്നു. എങ്കിലും അതൊരു ഇടവേള മാത്രമായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വര്‍ഷം അവസാനിക്കാറാകുമ്പോള്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വേഗത്തില്‍ വര്‍ധിക്കുകയാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന 90ശതമാനം കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് ഇന്നലെ മാത്രം 199 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാലു മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സംസ്ഥാനത്ത് കൊവിഡ് ഉപവകഭേദം കണ്ടെത്തിയതില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കൊവിഡിനൊപ്പം പനിബാധിതരുടെ എണ്ണവും സംസ്ഥാനത്ത് ഉയരുകയാണ്.

സംസ്ഥാനത്ത് കൊവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദമായ ജെഎന്‍1 വ്യാപിക്കുന്നതായി കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ 79കാരിക്കാണ് കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതയും തയ്യാറെടുപ്പും ശക്തമാക്കി.

നിപ
ഒരിടവേളയ്ക്ക് ശേഷം ഈവര്‍ഷവും കോഴിക്കോട് നിപ സ്ഥിരീകരിച്ചു. ഏതാണ്ട് 40 മുതല്‍ 75 ശതമാനം വരെ മരണനിരക്ക് സാധ്യതയുള്ളതിനാല്‍ വലിയ ഭീതിയിലായിരുന്നു ആളുകള്‍. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് നിപ വൈറസ്. പിന്നീട് ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും എത്തുന്നു. എന്നാല്‍ കോവിഡില്‍ നിന്ന് വ്യത്യസ്തമായി നിപയുടെ രോഗവ്യാപന സാധ്യത വളരെ കുറവാണ്. അതായത് കോവിഡ് പോലെ പടര്‍ന്നുപിടിക്കുന്ന മഹാമാരിയല്ല നിപ. മറിച്ച് കൃത്യമായ മുന്‍കരുതലുകള്‍ ഉണ്ടെങ്കില്‍ തുടച്ചുനീക്കാന്‍ സാധിക്കുന്ന ഒരു രോഗമാണ്. അതേസമയം നിപയുടെ മരണനിരക്ക് ഭയപ്പെടുത്തുന്നതാണ്. രോഗം ബാധിച്ച വ്യക്തിക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം ഉറപ്പാണ്. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയോടെ വേണം നിപയെ നേരിടാന്‍.

നിപയുടെ വ്യാപനതോത് കോവിഡില്‍ നിന്ന് വ്യത്യസ്തമാണ്. കോവിഡ് ബാധിച്ച ഒരാളില്‍ നിന്ന് രണ്ടോ മൂന്നോ പേര്‍ക്ക് കോവിഡ് ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ നിപയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ രോഗം ബാധിച്ച ഒരാളില്‍ നിന്ന് രോഗം പകരാന്‍ സാധ്യതയുള്ളത് ശരാശരി 0.4 പേര്‍ക്കാണ്. അതായത് 10 നിപ രോഗികളില്‍ നിന്ന് മൂന്നോ നാലോ പേര്‍ക്ക് മാത്രമാണ് നിപ ബാധിക്കാന്‍ സാധ്യതയുള്ളത്.

ഡെങ്കിപ്പനി
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചവരുടെ വളരെ കൂടുതലായിരുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 4432 പേര്‍ക്ക് രോഗം ബാധിച്ച് 29 പേര്‍ക്ക് ജീവന്‍ നഷ്ടമായി. എന്നാല്‍ ഇത്തവണ 12518 പേര്‍ക്ക് രോഗം ബാധിച്ചു. 44 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കൊതുക് പരത്തുന്ന മറ്റുരോഗങ്ങളിലും ഇതുപോലുള്ള വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കാലാവസ്ഥാ മാറ്റവും ഇടവിട്ടുള്ള മാഴയുമാണ് രോഗവ്യാപനത്തിന് കാരണം.

ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ മനുഷ്യവാസത്തിനടുത്തുള്ള ശുദ്ധജലം ലഭിക്കുന്ന സ്ഥലങ്ങളിലാണ് മുട്ടയിട്ട് വളര്‍ന്ന് വലുതാകുന്നത്. ഇവ പകല്‍ സമയത്താണ് മനുഷ്യനെ കടിക്കുക. രോഗാണുബാധിതനായ വ്യക്തിയെ കടിക്കുന്ന കൊതുകുകള്‍ 7 ദിവസങ്ങള്‍ക്ക് ശേഷം മറ്റുള്ളവരിലേക്ക് രോഗം പരത്തും. ഒരിക്കല്‍ രോഗാണുവാഹകരായി മാറുന്ന കൊതുകുകള്‍ തുടര്‍ന്നുള്ള കാലമത്രയും മറ്റുള്ളവരിലേക്ക് രോഗം പരത്തും. എല്ലാ പ്രായത്തിലുള്ളവരെയും രോഗം ബാധിക്കാം. കൊതുക് കടിച്ച് രണ്ട് ദിവസം മുതല്‍ 7 ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം, ചിക്കുംഗുനിയാ എന്നീ പനികള്‍ പകരുന്നതിനും പ്രധാന കാരണം ഈഡിസ് കൊതുകുകള്‍ തന്നെയാണ്. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ അമിതമായി ബാധിക്കും.

രോഗകാരിയായ കൊതുക് കടിച്ച് രണ്ട് ദിവസം മുതല്‍ 7 ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. കുട്ടികളിലും പ്രായമായവരിലും വ്യത്യസ്ത തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ആയിരിക്കും. എന്നാല്‍ ചിലര്‍ക്ക് സാധാരണ വൈറല്‍ പനിയുടേതിന് സമാനമായ ലക്ഷണങ്ങള്‍ മാത്രമായിരിക്കും ഉണ്ടാകുക.

എലിപ്പനി
ഡെങ്കിപ്പനിക്കൊപ്പം എലിപ്പനി കേസുകളും ഈ വര്‍ഷം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മണ്ണില്‍ പണി എടുക്കുന്നവരിലാണ് രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ വെള്ളക്കെട്ട് ഉള്ള ഭാഗങ്ങളില്‍ താമസിക്കുന്നവരില്‍ രോഗം കാണുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ എലി വിസര്‍ജിക്കുകയും
വൈറസ് മുറിവ് പറ്റിയ കാലിലൂടെ ശരീരത്തിലെത്തുകയുമാണ് ചെയ്യുന്നത്. എലിപ്പനി ബാധിച്ചവരില്‍ പല തരത്തിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടെങ്കിലും ചില സമയം രോഗലക്ഷണങ്ങളൊന്നും തന്നെ പുറത്തു കാണാറില്ല. കടുത്ത പനി, കലശലായ തലവേദന, വിറയല്‍, പേശീവേദന, ഛര്‍ദ്ദി എന്നിവയാണ് ഈ രോഗത്തിന്റെ സാധാരണ ലക്ഷണങ്ങള്‍.

ചിലപ്പോള്‍ ഇവകൂടാതെ മഞ്ഞപ്പിത്തം, ചെങ്കണ്ണ്, അസഹനീയമായ വേദന, വയറിളക്കം എന്നിവയും കാണും. യഥാസമയം രോഗിക്ക് ചികിത്സ നല്‍കിയില്ലെങ്കില്‍ വൃക്ക തകരാറിലാകല്‍, മെനഞ്ചൈറ്റിസ് അഥവാ മസ്തിഷ്‌കസ്രാവം, കരളിന്റെ പ്രവര്‍ത്തനം തകരാറിലാകല്‍, ശ്വാസകോശ തകരാറ് എന്നിവ സംഭവിക്കും. ചികിത്സ തക്ക സമയത്ത് നല്‍കിയില്ലെങ്കില്‍ മരണത്തിനും കാരണമായേക്കും.

രോഗലക്ഷണങ്ങള്‍ എലിപ്പനി മറ്റു രോഗങ്ങളാണെന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മഞ്ഞപ്പിത്തമെന്നോ കടുത്ത പനിയെന്നോ കരുതാനുള്ള സാദ്ധ്യത ഏറെയാണ്. രോഗിയുടെ രക്തം, മൂത്രം എന്നിവയുടെ ലബോറട്ടറി പരിശോധനയിലൂടെ മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ കഴിയൂ.

ഡിപ്രഷന്‍
കൊവിഡും ലോക്ഡൗണും മൂലം സമൂഹത്തിലും ജീവിതത്തിലും വന്ന വലിയ പ്രതിസന്ധികള്‍ നിരവധി പേരെ വിഷാദരോഗികളാക്കി. മറ്റുസംസ്ഥാനങ്ങളിലെന്നപോലെ കേരളത്തിലും വിഷാദരോഗികളുടെ എണ്ണം കുത്തനെ ഈ വര്‍ഷം വര്‍ധിച്ചു. പെട്ടെന്നുള്ള രോഗം, ജോലിനഷ്ടം, ഒറ്റപ്പെടല്‍ എന്നിവ വിഷാദത്തിന് ആക്കം കൂട്ടി. സാധാരണയായി മറ്റു രോഗാവസ്ഥകളില്‍ നിന്ന് കുറച്ച് കൂടുതല്‍ കാലം ചികിത്സ ഡിപ്രഷന്‍ അഥവാ വിഷാദ രോഗത്തിന് ആവശ്യമാണ്. ചെറിയ വിഷമാവസ്ഥകളെ വിഷാദ രോഗമെന്ന് വിളിക്കാന്‍ സാധിക്കില്ല. വിഷാദത്തിന് ഒരുകൂട്ടം ലക്ഷണങ്ങള്‍ ഉണ്ട്. കാരണമില്ലാത്ത ദുഃഖവും ശൂന്യതയും ഒരു ലക്ഷണമാണ്. അല്ലെങ്കില്‍ അതികഠിനമായ ഉത്കണ്ഠയും ഉണ്ടാകാം. ഇനി ജീവിതത്തില്‍ ഒരു പ്രതീക്ഷയും ഇല്ലെന്ന തോന്നല്‍. നഷ്ടങ്ങളെ കുറിച്ചുമാത്രമുള്ള നിരന്തരം ചിന്തിക്കല്‍, വിശ്രമം ഇല്ലത്ത അവസ്ഥ, അഥവാ ഇരിക്കുമ്പോള്‍ നില്‍ക്കാനും നില്‍ക്കുമ്പോള്‍ കിടക്കാനും തോന്നുക.

ശ്രദ്ധക്കുറവും ഓര്‍മകുറവും. ഇതുവരെ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളില്‍ തീരെ താല്‍പര്യമില്ലായ്മ. ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ പോലും വെറുപ്പ്. ആഹാരം വേണ്ടാത്ത അവസ്ഥ, അല്ലെങ്കില്‍ കൂടുതല്‍ കഴിക്കുക. ഉറക്കം ഇല്ലായ്മ. എന്നിവയൊക്കെ ഉണ്ടെങ്കിലോ, ഇതില്‍ ചിലതൊക്കെ ഉണ്ടെങ്കിലോ ഒരാള്‍ക്ക് ഡിപ്രഷന്‍ ഉണ്ടെന്ന് കണക്കാക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :