അഭിറാം മനോഹർ|
Last Modified വ്യാഴം, 14 ഡിസംബര്‍ 2023 (19:54 IST)
നമ്മുടെ ശരീരത്തില്‍ നാം വേണ്ടത്ര ശ്രദ്ധ നല്‍കാത്ത ഒരു അവയവമാണ് നാക്ക്. ശരീരത്തിലെ ഏത് അവയവത്തെയും പോലെ വിറ്റാമിനുകള്‍,മറ്റ് പോഷകങ്ങള്‍ എന്നിവയുടെ കുറവ്, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയെ എല്ലാം പറ്റി നാവിന് സൂചന നല്‍കാനാകും. നാവില്‍ വരുന്ന നിറം മാറ്റങ്ങള്‍ പല ആരോഗ്യപ്രശ്‌നങ്ങളെയും പറ്റി സൂചന നല്‍കുന്നവയാണ്.
നാവിന് മുകളില്‍ വെളുത്ത നിറത്തില്‍ ഒരു ആവരണം പോലെ കാണപ്പെടുന്നുവെങ്കില്‍ ഇത് ബാക്ടീരിയകളുടെയും ഫംഗല്‍ ബാധയെയും സൂചിപ്പിക്കുന്നതാണ്. ശുചിത്വത്തില്‍ ശ്രദ്ധിക്കണമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. അതുപോളെ തന്നെ ആവശ്യത്തിന് വെള്ളം കുടിക്കാത്തത് മൂലമുള്ള നിര്‍ജലീകരണത്തെയും ഇത് കാണിക്കുന്നു.
സ്‌ട്രോബറിയുടേ പുറന്തോട് പോലെ നാവ് പരുക്കനും നേരിയ മുള്ളുകള്‍ പോലെ കാണപ്പെടുന്ന അവസ്ഥയാണ് സ്‌ട്രോബറി ടംഗ്. ഇത് വിറ്റാമിന്‍ ബി കുറയുന്നതിന്റെ സൂചനയാകാം. രക്തക്കുഴലുകളെ ബാധിക്കുന്ന കവാസാക്കി എന്ന രോഗത്തിന്റെ ലക്ഷണമായും ഇത് കാണപ്പെടാം. ഇനി നാവില്‍ ചെറിയ നീല നിറമോ പര്‍പ്പിള്‍ നിറമോ കാണപ്പെടുന്നുവെങ്കില്‍ അത് രക്തത്തില്‍ ഓക്‌സിജന്‍ കുറവാണ് എന്നതിന്റെ സൂചനയാകാം. ഇത് ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിക്കുന്ന അസുഖങ്ങളുടെയും സൂചനയാകാം. വിളറിയ രീതിയില്‍ നാവ് കാണപ്പെടുന്നത് അനീമിയയുടെ സൂചനയാകാം. ഇനി നാവില്‍ കറുത്ത നിറമാണ് കാണൂന്നതെങ്കില്‍ അത് ശുചിത്വപ്രശ്‌നങ്ങളെയാണ് കാണിക്കുന്നത്. അമിതമായ പുകവലി,ചായ,കാപ്പി കഴിക്കുന്ന ശീലമുള്ളവരില്‍ ഇങ്ങനെ കാണാനാകും.
നാവിന്റെ അങ്ങിങ്ങായി വരകള്‍ കാണുന്നതും വെള്ളനിറം കാണുന്നതും ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളെ സൂചിപ്പിക്കുന്നതാണ്. ജ്യോഗ്രഫിക് ടംഗ് എന്ന് അറിയപ്പെടുന്ന ഇവ സാധാരണഗതിയില്‍ അപകടമല്ല.