കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ പുകവലിയും മദ്യപാനവും ഒഴിവാക്കുക

രേണുക വേണു| Last Modified തിങ്കള്‍, 2 ഓഗസ്റ്റ് 2021 (09:46 IST)
രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ യജ്ഞം പുരോഗമിക്കുകയാണ്. മൂന്നാം തരംഗത്തിനു മുന്‍പ് പരമാവധി ആളുകളെ വാക്‌സിനേറ്റ് ചെയ്യുക എന്നതാണ് ആരോഗ്യമന്ത്രാലയത്തിന്റെ ലക്ഷ്യം. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ കുറച്ചുദിവസത്തേക്ക് എങ്കിലും മദ്യപാനവും പുകവലിയും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. മദ്യപാനം, പുകവലി, ഉറക്കക്കുറവ്, അമിത വ്യായാമം എന്നിവ കോവിഡ് വാക്‌സിന്റെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലമാക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

പുകവലി ആന്റിബോഡിയുടെ ഫലം കുറയ്ക്കാന്‍ കാരണമാകും. കൂടാതെ, വാക്‌സിനേഷനുശേഷം ശരീരത്തില്‍ ആന്റിബോഡി രൂപപ്പെട്ടാലും പുകവലിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ പുകവലിക്കാരില്‍ വളരെ പെട്ടെന്ന് അതിന്റെ സ്വാധീനം ക്ഷയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വാക്‌സിന്‍ എടുത്തതിനു ശേഷം ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതാണ് നല്ലത്.

അതേസമയം, കോവിഡ് വാക്‌സിനും മദ്യപാനവും തമ്മില്‍ നേരിട്ട് എന്തെങ്കിലും ബന്ധമുള്ളതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍, മദ്യപാനവും പുകവലിയും മനുഷ്യരുടെ രോഗപ്രതിരോധ സംവിധാനത്തെ ക്ഷയിപ്പിക്കും. കോവിഡ് വൈറസിനെ പൂര്‍ണമായും അകറ്റി നിര്‍ത്തണമെങ്കില്‍ മദ്യപാനത്തിന്റെ പാര്‍ശ്വഫലങ്ങള്‍കൂടി മാറ്റി നിര്‍ത്തേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :