പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെ നാം കഴിക്കുന്ന സകലതിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഈയടുത്ത നാളുകളില്‍ പുറത്തുവന്നിരുന്നു. ഇതോടെ എന്ത് കഴിക്കണം എന്നറിയാതെ ആശങ്കയിലായിരിക്കുകയാണ് ജനങ്ങള്‍. നിത്യജീവിതത്തില്‍ ഏറെ ശുചിത്വം പാലിക്കുകയും സൌന്ദര്യത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുന്നവര്‍ക്ക് ഇടിത്തീയായി ഇതാ മറ്റൊരു വാര്‍ത്ത കൂടി. നാം ഉപയോഗിക്കുന്ന സോപ്പ്, ഡിയോഡറന്റ്, ടൂത്ത് പേസ്റ്റ്, മറ്റ് ബോഡി കെയര്‍ ഉത്പന്നങ്ങള്‍ എന്നിവ ഹൃദ്രോഗത്തിന് കാരണമാകും എന്നാണ് പഠനം വ്യക്തമാക്കുന്നത്.
സോപ്പും മറ്റും വാങ്ങാന്‍ കടയില്‍ ചെല്ലുമ്പോള്‍ ‘ആന്റി ബാക്ടീരിയ ഫോര്‍മുല‘ അടങ്ങിയവ പ്രത്യേകം തെരഞ്ഞെടുക്കാറില്ലേ? അവയില്‍ അടങ്ങിയിരിക്കുന്ന ട്രൈക്ലോസന്‍ ആണ് ബാക്ട്രീരിയക്കെതിരെ പ്രവര്‍ത്തിക്കുന്നത്. ഒരു വശത്ത് ബാക്ടീരിയയെ തുരത്തിയോടിക്കുമ്പോള്‍ മറുവശത്ത് നമ്മുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ താളംതെറ്റിക്കുകയാണ് ട്രൈക്ലോസന്‍ ചെയ്യുന്നത്. ശരീരത്തിലെ മാംസപേശികളുടെ ശക്തി ട്രൈക്ലോസന്‍ ദുര്‍ബലപ്പെടുത്തും എന്നും പഠനം വ്യക്തമാക്കുന്നു.
ട്രൈക്ലോസന്‍ അടങ്ങിയ നിരവധി വസ്തുക്കള്‍ ഓരോ വീട്ടിലും കാണാം. ഡിയോഡറന്റ്, മൌത്ത് വാഷ്, ടൂത്ത് പേസ്റ്റ്, ലിപ്സ്റ്റിക്, വസ്ത്രങ്ങള്‍, കാര്‍പ്പെറ്റ്, കളിപ്പാട്ടങ്ങള്‍ എന്നിവയില്‍ എല്ലാം തന്നെ ഇതുണ്ട്. ട്രൈക്ലോസന്‍ തൈറോയിഡിനും വന്ധ്യതയ്ക്കും കാരണമാകുമെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചിരുന്നു. എന്നാല്‍ പേശികള്‍ക്കും ഹൃദയത്തിനും ഇത് ദോഷം ചെയ്യും എന്ന് ഇപ്പോഴാണ് വ്യക്തമായിരിക്കുന്നത്. ഹൃദയമിടിപ്പിനെ വരെ താളം തെറ്റിക്കാന്‍ ഇതിന് സാധിക്കും. മനുഷ്യരില്‍ മാത്രമല്ല, മൃഗങ്ങളിലും ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും പഠനം പറയുന്നു.
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദഗ്ദ്ധരാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.