രേണുക വേണു|
Last Modified ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (10:43 IST)
പുരുഷന്‍മാരിലും സ്ത്രീകളിലും സ്വകാര്യ ഭാഗങ്ങളില്‍ അലര്‍ജിയുണ്ടാകുന്നതിനു പ്രധാന കാരണം ശ്രദ്ധയില്ലാതെ അടിവസ്ത്രങ്ങള്‍ ധരിക്കുന്നതാണ്. അടിവസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
സ്ത്രീകളുടെ യോനി ഭാഗം ചുണ്ടുകള്‍ പോലെ വളരെ സെന്‍സിറ്റീവാണ്. അതുകൊണ്ട് അമിതമായ ചൂട് നില്‍ക്കാത്ത തരത്തില്‍ കോട്ടണ്‍ നിര്‍മിത അടിവസ്ത്രങ്ങള്‍ ധരിക്കുക. നൈലോണ്‍, സ്പാന്‍ഡക്‌സ് എന്നിവ കൊണ്ടുള്ള അടിവസ്ത്രങ്ങള്‍ താപനില വര്‍ധിപ്പിക്കുകയും അണുബാധയിലേക്ക് നയിക്കുകയും ചെയ്യും. എല്ലാ ദിവസവും അടിവസ്ത്രം മാറിയിരിക്കണം. മാത്രമല്ല നന്നായി വിയര്‍ത്തതിനു ശേഷം ഒരിക്കലും അടിവസ്ത്രം മാറാതിരിക്കരുത്. ഹൈപ്പോ അലര്‍ജിക്ക് സോപ്പ് ഉപയോഗിച്ച് വേണം അടിവസ്ത്രങ്ങള്‍ കഴുകാന്‍. നന്നായി വെയില്‍ കൊണ്ട് ഉണങ്ങുന്ന രീതിയില്‍ അടിവസ്ത്രങ്ങള്‍ വിരിക്കുകയും വേണം. എല്ലാ വര്‍ഷവും അടിവസ്ത്രങ്ങള്‍ മാറ്റണം. ഒരു വര്‍ഷത്തില്‍ കൂടുതല്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതല്ല.
പൂര്‍ണമായി ഉണങ്ങാത്ത അടിവസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. നനവുള്ള അടിവസ്ത്രം ധരിക്കുമ്പോള്‍ അതില്‍ ബാക്ടീരിയ ഇന്‍ഫെക്ഷനുള്ള സാധ്യത വളരെ കൂടുതലാണ്. നനവുള്ള പ്രതലത്തില്‍ ബാക്ടീരിയ അതിവേഗം വളരുന്നു. രാത്രി ഉറങ്ങുമ്പോള്‍ അടിവസ്ത്രം ധരിക്കേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അടിവസ്ത്രം ധരിച്ച് ഉറങ്ങുന്നവരില്‍ ത്രഷ്, വാഗിനൈറ്റിസ്, ബാക്ടീരിയല്‍ വാഗിനോസിസ് എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. ഉറങ്ങുമ്പോള്‍ ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങള്‍ വിയര്‍ക്കാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ചൂട് കാലത്ത്. അത്തരം സമയങ്ങളില്‍ അടിവസ്ത്രം ധരിച്ചാണ് കിടക്കുന്നതെങ്കില്‍ അത് ശരീരത്തില്‍ ഫംഗല്‍ ഇന്‍ഫക്ഷന് കാരണമാകും. ശരീരത്തെ ഏറ്റവും കംഫര്‍ട്ട് ആക്കി വേണം രാത്രിയില്‍ ഉറങ്ങാന്‍ കിടക്കാന്‍.
പുതിയ അടിവസ്ത്രം വാങ്ങിയാല്‍ അത് കഴുകി വേണം ഉപയോഗിക്കാന്‍. കഴുകാതെ ഉപയോഗിക്കുന്ന അടിവസ്ത്രങ്ങളില്‍ അപകട സാധ്യത കൂടുതലാണ്. നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് പാക്ക് ചെയ്തു വരുന്ന വസ്ത്രങ്ങളില്‍ പൊടിയും അണുക്കളും ഉണ്ടാകും. മാസങ്ങള്‍ കവറില്‍ ഇരുന്ന ശേഷമായിരിക്കും നമ്മുടെ കൈകളിലേക്ക് എത്തുന്നത്. ഇത് അണുബാധയ്ക്ക് കാരണമായേക്കാം. കഴുകി വെയിലത്ത് ഇട്ട് നന്നായി ഉണക്കിയ ശേഷം മാത്രമേ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കാവൂ.
പുരുഷന്‍മാര്‍ ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കരുത്. അത് ആരോഗ്യത്തെ ബാധിക്കും. ഇറുകിയ വസ്ത്രം ധരിക്കുന്നത് പുരുഷന്‍മാരുടെ വൃഷണത്തിന്റെ താപനില വര്‍ധിപ്പിക്കുകയും ഇത് ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് പ്രത്യുല്പാദനശേഷിയെ സാരമായി ബാധിക്കുന്നതാണ്. അതുകൊണ്ട് ഒരുപാട് ഇറുകിയ അടിവസ്ത്രങ്ങള്‍ ഒഴിവാക്കണം.